കോതമംഗലം: പോലീസ് കസ്റ്റഡിയില്‍ വൈദ്യ പരിശോധനയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ പ്രതി ഡോക്ടറുടെ കരണത്തടിച്ചു. തൃക്കാരിയൂര്‍ കക്കാട്ടുകുടി രാജു (62) ആണ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ വച്ച് ഇ.എന്‍.ടി. സര്‍ജന്‍ ഡോ. അനൂപ് ബാബുവിന്റെ മുഖത്തടിച്ചത്.

doctor
പ്രതീകാത്മക ചിത്രം

കോതമംഗലം കോടതി റിമാന്‍ഡ് കാലാവധി നീട്ടിയ പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് രണ്ടു പോലീസുകാര്‍ ചേര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അനൂപ് ബാബുവാണ് പ്രതിയെ പരിശോധിച്ചത്.

ദേഹപരിശോധന നടത്തുന്നതിനിടെ കാലിലെ മുറിവ് പരിശോധിക്കാന്‍ പ്രതി ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടര്‍ പരിശോധിക്കാമെന്നു പറഞ്ഞു. പ്രതി പറഞ്ഞ മുറിവ് പരിശോധിക്കാതെ ഡോക്ടര്‍ മറ്റ് പരിശോധന നടത്തിയതില്‍ പ്രകോപിതനായി ബഹളം കൂട്ടിയ രാജു ഡോ. അനൂപിന്റെ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. പ്രതിക്കൊപ്പം വന്ന പോലീസുകാര്‍ തൊട്ടടുത്തു തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ഉടന്‍ പോലീസുകാര്‍ പ്രതിയെ കീഴടക്കി വിലങ്ങണിയിച്ചു. ഇതിനിടെ എസ്.ഐ. സി.വി. ലൈജുമോനും കൂടുതല്‍ പോലീസുകാരും സ്ഥലത്തെത്തി. 

നഗരസഭാ അധികൃതരെത്തി ആശുപത്രി സൂപ്രണ്ടും മറ്റ് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

ഡോക്ടറെ മര്‍ദിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും രാജുവിനെതിരെ പോലീസ് കേസെടുത്തു. കഞ്ചാവ് കേസില്‍ കോടതിയില്‍ തിങ്കളാഴ്ച റിമാന്‍ഡ് ചെയ്ത പ്രതിയെ ഡോക്ടറെ മര്‍ദിച്ച കേസില്‍ ചൊവ്വാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

ഒരു മാസം മുമ്പാണ് രാജുവിനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് നീട്ടിയെടുക്കുന്നതിനായാണ് ജയിലിലായിരുന്ന പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കിയത്.