ചെന്നൈ: തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ. അധികാരത്തിലെത്തിയതോടെ നാവ് മുറിച്ച് ഡി.എം.കെ. അനുഭാവി. രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായ 32-കാരിയാണ് ഡി.എം.കെയുടെ വിജയത്തിന് പിന്നാലെ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെത്തിയത്. വായിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ കണ്ട യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

ഡി.എം.കെ. അധികാരത്തിലെത്തുകയാണെങ്കിൽ നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമർപ്പിക്കാമെന്ന് യുവതി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മുറിച്ചെടുത്ത നാവുമായി പരമക്കുടിയിലെ മുതലാമ്മാൻ ക്ഷേത്രത്തിലെത്തിയത്. എന്നാൽ ക്ഷേത്രം തുറക്കാത്തതിനാൽ ഇവർക്ക് ഏറെനേരം പുറത്തുനിൽക്കേണ്ടിവന്നു. ഇതിനിടെയാണ് വായിൽനിന്ന് ചോരയൊലിച്ച് നിൽക്കുന്ന യുവതിയെ നാട്ടുകാർ കണ്ടത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയ ആരാധന കാരണം ആളുകൾ ജീവനൊടുക്കിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ തമിഴ്നാട്ടിൽ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. 2015-ൽ ജയലളിതയെ കോടതി ശിക്ഷിച്ചപ്പോളും പിന്നീട് ജയലളിത മരിച്ചപ്പോഴും ഒട്ടേറെ പേരാണ് തമിഴ്നാട്ടിൽ ജീവനൊടുക്കിയത്.

Content Highlights:dmk supporter cuts off her tongue after dmk and mk stalin victory