നാഗര്‍കോവില്‍(തമിഴ്‌നാട്): കുളച്ചലിനു സമീപം ഡി.എം.കെ. പ്രാദേശിക നേതാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. കുളച്ചല്‍ ചെമ്പൊന്‍വിള സ്വദേശി കുമാര്‍ ശങ്കര്‍ (52)ആണ് മരിച്ചത്. ഇലക്ട്രീഷ്യനും റീത്താപുരം ഡി.എം.കെ. ബ്രാഞ്ച് സെക്രട്ടറിയുമായ കുമാര്‍ ശങ്കറിനെ തിങ്കളാഴ്ച രാത്രിയാണ് റോഡില്‍ വെച്ച് വെട്ടിയത്.

രാത്രിയോടെ വീട്ടില്‍ എത്തിയ സംഘം കുമാര്‍ ശങ്കറിനെ പുറത്തേക്ക് വിളിച്ച് സംസാരിച്ചശേഷം വീടിനു അല്‍പം ദൂരേക്കു കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീടിനു പുറത്തുനിന്ന് ആക്രമിക്കുന്നതു കണ്ട കുമാര്‍ ശങ്കറിന്റെ മകള്‍ നിലവിളിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

സമീപവാസികള്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. കുളച്ചല്‍ ഡിവൈ.എസ്.പി. തങ്കരാമന്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്‍സ്‌പെക്ടര്‍ അരുള്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നു.