ചെന്നൈ: പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി.

ഡി.എം.കെ. വക്താവ് തമിഴന്‍ പ്രസന്നയുടെ ഭാര്യ നാദിയയെ(35)യാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാള്‍. വലിയ ആഘോഷം നടത്തണമെന്നായിരുന്നു നാദിയയുടെ ആവശ്യമെങ്കിലും പ്രസന്ന അത് നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുള്ള വഴക്കായിരുന്നു നാദിയയുടെ മരണത്തില്‍ കലാശിച്ചത്.

കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ വലിയ ആഘോഷം വേണ്ടെന്നായിരുന്നു പ്രസന്നയുടെ നിലപാട്. അടുത്ത വര്‍ഷം വലിയ രീതിയില്‍ ആഘോഷിക്കാമെന്ന് പറഞ്ഞെങ്കിലും നാദിയ അംഗീകരിച്ചില്ല. തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് മുറിയില്‍ കയറി വാതിലടച്ച നാദിയ രാവിലെ പുറത്തേക്ക് വരാതിരുന്നതിനെത്തുടര്‍ന്ന് വാതില്‍പൊളിച്ച് ഉള്ളില്‍ കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. നാദിയയുടെ അച്ഛന്‍ രവിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത കൊടുങ്ങയ്യൂര്‍ പോലീസ് പ്രസന്നയെ ചോദ്യം ചെയ്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: dmk leader wife commits suicide in tamilnadu