കൊച്ചി: ആഡംബര ഹോട്ടലിലെ നിശാ പാർട്ടിയിൽ നിന്ന് മയക്കമരുന്ന് പിടികൂടിയ കേസിൽ തുമ്പുകിട്ടാതെ എക്സൈസ്. പാർട്ടിയിൽ പങ്കെടുത്ത 12 പേരെ ചോദ്യം ചെയ്തെങ്കിലും ഇവരിൽനിന്ന് കാര്യമായ ഒരു വിവരവും കിട്ടിയില്ല.

മയക്കുമരുന്ന് പാർട്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നും തങ്ങൾ മദ്യം മാത്രമാണ് പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ചതെന്നുമാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ഈ മൊഴി എക്സൈസ് പൂർണമായി വിശ്വസക്കുന്നില്ല. ഇവർക്ക് മുൻപ് ഏതെങ്കിലും എൻ.ഡി.പി.എസ്. കേസുകളിൽ പങ്കാളിത്തമുണ്ടായിട്ടുണ്ടോയെന്ന് എക്സൈസ് പരിശോധിച്ചു വരികയാണ്. ഇത് വ്യക്തമായാൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഡോക്ടർമാർ, ഐ.ടി. പ്രൊഫഷണലുകൾ എന്നിവരെയാണ് ചോദ്യം ചെയ്തത്. ആകെ നൂറോളം പേരെയാണ് എക്സൈസിന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുള്ളത്.

ഏതാനും നാളുകളായി കൊച്ചിയിൽ ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്ന വിദേശ ഡിസ്കോ ജോക്കിയെ കേന്ദ്രീകരിച്ചും എക്സൈസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ, ഇയാളെ കുറിച്ച് ഇതുവരെയും വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

ഏപ്രിൽ പത്തിന് അർധരാത്രിയിലാണ് കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ കസ്റ്റംസും എക്സൈസും സംയുക്തമായി മിന്നൽ പരിശോധന നടത്തിയത്. 1.6 ഗ്രാം എം.ഡി.എം.എ., 50 ഗ്രാം കഞ്ചാവ് എന്നിവയുമായി ഡി.ജെ അടക്കം നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Content Highlights:dj party in kochi excise investigation about drugs