പാറശ്ശാല: പൂവാറിനുസമീപം ആറ്റുപുറത്തെയും പൊഴിക്കരയിലെയും റിസോര്‍ട്ടുകളെക്കുറിച്ചും നടത്തിപ്പുകാരെക്കുറിച്ചും എക്സൈസ് പ്രത്യേക അന്വേഷണം നടത്തും. ആറ്റുപുറത്തെ റിസോര്‍ട്ടില്‍ നടന്ന പരിശോധനയില്‍ ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചത്. പ്രദേശത്തെ റിസോര്‍ട്ടുകളില്‍ പലതും ഉടമകളില്‍ നിന്ന് ചിലര്‍ വാടകയ്ക്ക് എടുത്താണ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. റിസോര്‍ട്ടിന്റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തുവാന്‍ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. എക്സൈസ് സംഘം കഴിഞ്ഞ ഒരു മാസക്കാലമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം ദുരൂഹത നിറഞ്ഞതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണം നടത്തുവാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ ഉത്തരേന്ത്യന്‍ ലഹരിസംഘങ്ങളിലെ കണ്ണികളില്‍ ചിലര്‍ പൂവാര്‍ മേഖലയില്‍ അടുത്തകാലത്തായി ക്യാമ്പ് ചെയ്തിട്ടുള്ളതു സംബന്ധിച്ച വിവരങ്ങളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. റിസോര്‍ട്ടുകളെയും ഇവയുടെ നടത്തിപ്പുകാരെയുംകുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേകസംഘത്തെത്തന്നെ നിയോഗിച്ചിട്ടുണ്ട്.

നിഗൂഢതകളുടെ കേന്ദ്രങ്ങളായി റിസോര്‍ട്ടുകള്‍, സംഘര്‍ഷവും പതിവ് 

പുറത്തുനിന്നുള്ളവര്‍ക്കോ പോലീസിനോ എക്‌സൈസിനോ എത്തിപ്പെടാന്‍ സാധിക്കാത്തതരത്തില്‍ പൊഴിയൂര്‍, ആറ്റുപുറം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം റിസോര്‍ട്ടുകള്‍ നിഗൂഢതകളുടെ കേന്ദ്രങ്ങളാണ്. പ്രദേശത്തെ ബോട്ടുകളുടെ സഹായമില്ലാതെ സ്വതന്ത്രമായി അധികൃതര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതാണ് ഈ പ്രദേശത്തെ ലഹരിസംഘങ്ങളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറ്റിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ പലതും ഉടമകളില്‍നിന്ന് തമിഴ്നാട് സ്വദേശികളായവരാണ് വാടകയ്ക്ക് എടുത്തുനടത്തുന്നത്.

ഇത്തരം റിസോര്‍ട്ടുകളില്‍ ആഴ്ചകളുടെ അവസാനം നടക്കുന്ന ഡി.ജെ. പാര്‍ട്ടികളില്‍ സംഘര്‍ഷങ്ങളും പതിവാണ്. പൊഴിക്കരയ്ക്കും ആറ്റുപുറം പാലത്തിനും ഇടയിലുണ്ടായിരുന്ന തടാകത്തിനു സമാനമായ വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളാണ് ഇന്ന് റിസോര്‍ട്ട് കേന്ദ്രങ്ങളായി മാറിയത്. ഈ പ്രദേശത്തെ ദ്വീപുകളിലാണ് പല റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നത്. റിസോര്‍ട്ടുകള്‍ ഇല്ലാത്ത ചില ദ്വീപുകളില്‍ രാത്രികാലത്തും പകല്‍സമയത്തും പാര്‍ട്ടികള്‍ നടക്കാറുണ്ടെന്നാണ് പ്രദേശത്ത് ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ പറയുന്നത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലാണ് ഇത്തരത്തിലുള്ള ലഹരി പാര്‍ട്ടികള്‍ സ്ഥിരമായി സംഘടിപ്പിക്കുന്നത്. പകല്‍ സമയത്ത് എത്തുന്ന സംഘങ്ങളെ റിസോര്‍ട്ടുകള്‍ ഇല്ലാത്ത സ്വതന്ത്രമായ ദ്വീപുകളിലേക്കാണ് മാറ്റുന്നത്. ഇവിടെ പുറത്തുനിന്നുള്ളവര്‍ക്ക് എത്തപ്പെടാന്‍ സാധിക്കാറില്ല.

ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇവിടെ ഡി.ജെ. പാര്‍ട്ടികള്‍ അരങ്ങേറുന്നത്. രാത്രി പതിനൊന്നുമണിക്കുശേഷം നടക്കുന്ന ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനായി സംഘങ്ങള്‍ വൈകീട്ടോടെ എത്തിച്ചേരാറുണ്ട്. രാത്രിയില്‍ ലഹരിയില്‍ നടക്കുന്ന പാര്‍ട്ടിക്കിടയില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ പതിവാണ്. ഒരുമാസം മുമ്പേ നടന്ന ഡി.ജെ. പാര്‍ട്ടിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍നിന്ന് അവരുടെ തന്നെ ബോട്ടില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റിസോര്‍ട്ടുകള്‍ നടത്തുന്ന തമിഴ്നാട്ടില്‍ നിന്നുള്ളവരെക്കുറിച്ച് പോലീസിന് യാതൊരു അറിവും ഇല്ല.