ആറ്റിങ്ങൽ: സിനിമയിൽ അവസരം നൽകാമെന്നുപറഞ്ഞു പ്രലോഭിപ്പിച്ച് ബാലികയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ അറസ്റ്റിലായി.ആറ്റിങ്ങൽ മാമം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്തി(48)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റുചെയ്തത്. മൂന്നു വർഷം മുൻപ് നടന്ന പീഡനം മറ്റൊരു കേസന്വേഷണത്തിനിടെയാണ് പുറത്തറിയുന്നത്.

ഇപ്പോൾ 12 വയസ്സുള്ള പെൺകുട്ടിയെ 16-കാരൻ ഫോണിലൂടെ ശല്യംചെയ്യുന്നുവെന്നു കാട്ടി ആറ്റിങ്ങൽ പോലീസിൽ അമ്മ പരാതി നൽകിയിരുന്നു. അതേക്കുറിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനവിവരം പോലീസിനു ലഭിച്ചത്.

പെൺകുട്ടിയോട് പോലീസ് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് മുൻപ് സംവിധായകനും പീഡിപ്പിച്ച വിവരം ലഭിച്ചത്. തുടർന്ന് ശ്രീകാന്തിനെ അറസ്റ്റുചെയ്യുകയായിരുന്നു.

പതിനാറുകാരനെ പോലീസ് ചോദ്യംചെയ്തപ്പോൾ ഇവർ തമ്മിൽ അടുപ്പത്തിലാണെന്നും പെൺകുട്ടിയെ പീഡിപ്പിച്ചതായും വ്യക്തമായി. പതിനാറുകാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയതായും പോലീസ് പറഞ്ഞു.