ദുബായ്: തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഷാർജയിലെ അൽ-സത്താർ സ്പൈസസ് ട്രേഡിങ് സ്ഥാപന ഉടമ. ബാഗേജ് അയച്ചതെന്ന് പറയുന്ന ഫാസിൽ എന്നയാളെ അറിയില്ലെന്നും സ്ഥാപനത്തിന്റെ ഉടമയായ മലയാളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഷാർജയിൽ ഭക്ഷ്യവസ്തുക്കളും ഡ്രൈഫ്രൂട്ട്സും വിൽക്കുന്ന സ്ഥാപനമാണ് അൽ-സത്താർ സ്പൈസസ്. ഈ സ്ഥാപനത്തിന്റെ ഇൻവോയ്സ് സഹിതമാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നത്. സ്വർണക്കടത്ത് കേസിലെ റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് കടയുടമ വ്യക്തമാക്കുന്നത്.

ഫാസിൽ എന്നയാളെ അറിയില്ല. ഒരുപക്ഷേ, ഫാസിൽ എന്നയാളോ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരെങ്കിലുമോ ഇവിടെനിന്ന് സാധനങ്ങൾ വാങ്ങിയിരിക്കാം. അങ്ങനെ ലഭിച്ച ഇൻവോയ്സാകും ബാഗേജിനൊപ്പം കണ്ടെത്തിയെതെന്നുമാണ് ഇവരുടെ വിശദീകരണം.

Content Highlights:diplomatic baggage gold smuggling case sharjah shop owner given clarification