കാസര്‍കോട്: പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സുല്‍ത്താന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജൂവലറിയില്‍നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങളുമായി ജീവനക്കാരന്‍ മുങ്ങിയതായി പരാതി. സംഭവത്തില്‍ ജൂവലറിയിലെ വജ്രാഭരണ വിഭാഗം അസി. സെയില്‍സ് ഓഫീസര്‍ മംഗളൂരു ബി.സി. റോഡ് കൈക്കമ്പ താളിപ്പടുപ്പ് സ്വദേശി മുഹമ്മദ് ഫാറൂഖിനെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. ജൂവലറി ഉടമ കുമ്പളയിലെ അബ്ദുള്‍ റൗഫിന്റെ പരാതിയിലാണ് കേസെടുത്തത്. കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി.അജിത്കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

ആറുമാസത്തിനിടെ ജൂവലറിയില്‍നിന്ന് പലപ്പോഴായി 2,88,64,153 രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പരാതി. ജൂവലറിയില്‍ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വ്യക്തമായത്. പരിശോധന നടത്തിയ അന്നുമുതലാണ് മുഹമ്മദ് ഫാറൂഖിനെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു.

അതിനിടെ ഫാറൂഖിനെ കാണാനില്ലെന്ന് ഭാര്യ ബണ്ട്വാള്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. നവംബര്‍ 28-ന് രാവിലെ ഏഴരയോടെ ക്രിക്കറ്റ് കളിക്കാനായി വീട്ടില്‍നിന്നിറങ്ങിയ ഫാറൂഖ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.