തളിപ്പറമ്പ്: നാട്ടില്‍നിന്ന് അകലെ പഠിക്കാന്‍ പോയവര്‍ അക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവം ധീരജിന്റെ മരണത്തോടെ തളിപ്പറമ്പില്‍ രണ്ടാമത്തേത്. തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിനു സമീപത്തെ ദീപക് പദ്മനാഭന്റെ ജീവനെടുത്തതാണ് ആദ്യത്തേത്.

തമിഴ്നാട് നാമക്കല്‍ ഗനാനമണി എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ദീപക്. 2013 ഏപ്രില്‍ നാലിന് രാശ്ശിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചായിരുന്നു കൊലപാതകം. ഒരുസംഘം വിദ്യാര്‍ഥികളായിരുന്നു ദീപക്കിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയകൊലപാതകമായിരുന്നില്ല. കോളേജ് വിട്ട് സുഹൃത്തിനൊപ്പം മോട്ടോര്‍സൈക്കളില്‍ പോകുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പുദണ്ഡ്കൊണ്ട് അടിച്ചുവീഴ്ത്തി കാറുകയറ്റി കൊല്ലുകയായിരുന്നു. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ദീപകും കൂട്ടുകാരനും സീനിയര്‍ വിദ്യാര്‍ഥികളെ ഗൗനിച്ചില്ലെന്ന കാരണത്താലായിരുന്നു കൊലപാതകം.

ആലക്കോട്, ചെമ്പേരി, മലപ്പുറം, എറണാകുളം പ്രദേശത്തുകരായ ഏഴ് മലയാളി വിദ്യാര്‍ഥികളായിരുന്നു കേസിലെ പ്രതികള്‍.

നീതികിട്ടിയില്ലെന്ന് കുടുംബം

തങ്ങളുടെ മകനെ കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനാകാത്തതിന്റെ നൊമ്പരം ദീപകിന്റെ പിതാവ് വിക്രാനന്തപുരത്ത് പദ്മനാഭന് ഇപ്പോഴുമുണ്ട്.

20 വര്‍ഷത്തിലേറെ പ്രവാസജീവിതം നയിച്ച് മകനില്‍ ഏറെ പ്രതീക്ഷയോടെ കഴിയുകയായിരുന്നു അദ്ദേഹം. അപ്പോഴായിരുന്നു മകന്റെ ജീവനെടുത്ത സംഭവം. വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തിയെങ്കിലും സാക്ഷികളുടെ അഭാവത്തില്‍ പ്രതികളെ വെറുതെവിട്ടത് കുടുംബത്തിന് തീരാവേദനയായി.

മകന്റെ വേര്‍പാട് താങ്ങാനാകാത്ത കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിയ പ്രമുഖരെല്ലാം സഹായവാഗ്ദാനവും നല്‍കിയിരുന്നു.

കേസ് നടത്തിപ്പിനായി രാഷ്ട്രീയപാര്‍ട്ടി നേതാക്കളും നാട്ടുകാരുമുള്‍പ്പെടുന്ന കമ്മിറ്റിയുമുണ്ടാക്കി. എന്നാല്‍, ഇതുകൊണ്ടൈാന്നും ഫലമുണ്ടായില്ല.