തൃശ്ശൂര്‍: ഇന്‍ഷുറന്‍സ് ഏജന്റിന്റെ നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയെ നോയിഡയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശിനിയും നോയിഡയില്‍ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലനെ(33)യാണ് തൃശ്ശൂര്‍ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചും നിഴല്‍പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പതിനേഴരലക്ഷം രൂപയും അഞ്ചുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമാണ് തട്ടിയെടുത്തത്.

ഇന്‍ഷുറന്‍സ് കമ്പനി ഏജന്റായ മധ്യവയസ്‌കനെ കളക്ടര്‍ ട്രെയിനിയെന്ന വ്യാജേനയാണ് ഇവര്‍ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇന്‍ഷുറന്‍സ് എടുക്കാമെന്നു പറഞ്ഞ് വിവിധ ഹോട്ടല്‍മുറികളിലും ഫ്‌ളാറ്റുകളിലും വിളിച്ചുവരുത്തി മൊബൈലില്‍ പരാതിക്കാരന്റ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് അവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പരാതിക്കാരന്റെ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്.

തട്ടിപ്പിനിരയായ ഇന്‍ഷുറന്‍സ് ഏജന്റ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പിന്നീട് ഈ കേസ് സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു.

പരിചയപ്പെട്ട ആളുകളോട് ഇന്‍കം ടാക്‌സ് ഓഫീസറാണെന്നും ഡിഫന്‍സ് ഓഫീസര്‍ ആണെന്നും ഇവര്‍ പറഞ്ഞതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എം.ബി.എ. കഴിഞ്ഞ യുവതി ഇംഗ്ലീഷും ഹിന്ദിയും നന്നായി െകെകാര്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹിയിലേക്ക് പോയ അന്വേഷണസംഘം ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ ചില മലയാളികളുടെ സഹായത്തോടെയാണ് ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസമെന്നു കണ്ടെത്തിയത്. താന്‍ പ്രതിരോധവകുപ്പിലാണ് ജോലിചെയ്യുന്നതെന്നു പറഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു.

തൃശ്ശൂര്‍ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പി. ശശികുമാര്‍, തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസിലെ എസ്‌.െഎ. എന്‍.ജി. സുവ്രതകുമാര്‍, എ.എസ്‌.െഎ. ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി. ജീവന്‍ എന്നിവരുള്‍പ്പെടുന്ന അന്വേഷണസംഘമാണ് കേസന്വേഷണം നടത്തിയത്.

Content Highlights: dhanya balan woman arrested in thrissur honeytrap case