റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഇതോടെ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി. 

കഴിഞ്ഞദിവസമാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ചൂണ്ടിയത്. 

രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ ഒരു ഒട്ടോറിക്ഷ പിന്നാലെ വന്ന് ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. സംഭവസമയം മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. മാത്രമല്ല, വളവ് തിരിഞ്ഞെത്തിയ ഓട്ടോറിക്ഷ ജഡ്ജിയെ മനഃപൂര്‍വ്വം ഇടിച്ചിട്ടതാണെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. 

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയില്‍ സൂക്ഷിക്കുകയും ചെയ്തു. 

രാവിലെ ഏഴ് മണിയോടെ ഉത്തം ആനന്ദിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വാഹനമിടിച്ച് മരിച്ചത് ജില്ലാ ജഡ്ജിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രഭാതസവാരിക്ക് പോയ ഉത്തം ആനന്ദിനെ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് പോലീസ് സംഘം ആശുപത്രിയിലെത്തി വാഹാനാപകടത്തില്‍ മരിച്ചത് ജഡ്ജിയാണെന്ന് തിരിച്ചറിയുകയായിരുന്നു. 

ജഡ്ജിയെ മനഃപൂര്‍വ്വം വാഹനമിടിപ്പിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് വാഹനം മോഷ്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

നിലവില്‍ ഉത്തം ആനന്ദ് കൈകാര്യം ചെയ്ത കേസുകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ധന്‍ബാദ് ടൗണിലെ നിരവധി മാഫിയ കൊലപാതകങ്ങളടക്കമുള്ള കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അടുത്തിടെ രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരുടെ ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തു. ഇതിന്റെ പകയാണോ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. 

അതിനിടെ, ധന്‍ബാദിലെ ജഡ്ജിയുടെ മരണം വ്യാഴാഴ്ച സുപ്രീംകോടതിയിലും ഉന്നയിക്കപ്പെട്ടു. അഭിഭാഷകനായ വികാസ് സിങ്ങാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വിഷയം അവതരിപ്പിച്ചത്. ഇത് ജുഡീഷ്യറിക്കെതിരായ ആക്രമണമാണെന്നും സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും വികാസ് സിങ് ആവശ്യപ്പെട്ടു. പ്രഭാതസവാരിക്കിറങ്ങിയ ഒരു ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുക എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഗുണ്ടാത്തലവന്മാരുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്ത ജഡ്ജിയായിരുന്നു അദ്ദേഹം. ഇത് ന്യായാധിപന്മാരുടെ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമാണെന്നും ഇത്തരം സംഭവങ്ങളില്‍ ലോക്കല്‍ പോലീസ് കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നതാണ് പതിവെന്നും വികാസ് സിങ് കോടതിയില്‍ പറഞ്ഞു. അഭിഭാഷകന്റെ വാദം കേട്ട ജസ്റ്റിസ് ചന്ദ്രചൂഢ് വിഷയം ചീഫ് ജസ്റ്റിസിന് മുന്നില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

Content Highlights: dhanbad judge accident death cctv visuals hints it was a murder