കൊട്ടിയം : പള്ളിമണ്‍ ആറിന്റെ കയങ്ങളില്‍ ജീവന്‍പൊലിഞ്ഞ ദേവനന്ദയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്.

നെടുമണ്‍കാവ് ഇളവൂര്‍ തടത്തില്‍മുക്ക് ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകള്‍ ദേവനന്ദ(7)യുടെ മരണത്തിന്റെ ദുരൂഹത തിരയുകയാണ് നാടിന്നും. പോലീസിന്റെ കണ്ടെത്തലിലും നിഗമനങ്ങളിലും വിശ്വാസമില്ലാതെയാണ് ഇന്നും ഇളവൂര്‍ ഗ്രാമം. സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ ഏഴുവയസ്സുകാരിയുടെ മരണം മുങ്ങിമരണമായി കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ട്.

2020 ഫെബ്രുവരി 27-നാണ് വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. വീടിനോട് ചേര്‍ന്ന് തുണി അലക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തുനിന്ന് അകത്തേക്കുപോയ കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു.

വിവരം നാടാകെ പരന്നതോടെ നാട്ടുകാര്‍ ഒന്നടങ്കം തിരച്ചില്‍ ആരംഭിച്ചു. പോലീസിന്റെ എല്ലാ അന്വേഷണവിഭാഗങ്ങളും ഫയര്‍ ഫോഴ്സും അന്വേഷണത്തില്‍ പങ്കാളിയായി. ഒരു പകലും രാവും നീണ്ട തിരച്ചില്‍ നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.ഉറക്കമൊഴിച്ച് കാത്തിരുന്ന ഇളവൂര്‍ ഗ്രാമവാസികളെയും ബന്ധുക്കളെയും തീരാദുഃഖത്തിലാഴ്ത്തി ദേവനന്ദയുടെ ശരീരം അടുത്തദിവസം രാവിലെ പള്ളിമണ്‍ ആറിന്റെ കൈവഴിയില്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ കുട്ടി ഒറ്റയ്ക്ക് ഒരിക്കലും ആറിന്റെ ഭാഗത്തേക്ക് പോകാറില്ലെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറയുന്നു.

Content Highlights: devananda death first death anniversary