പാട്ന: സർക്കാരിന്റെ പ്രസവ ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് ബിഹാറിലെ മുസാഫർപുരിൽ വമ്പൻ തട്ടിപ്പ്. ഛോട്ടികോത്തിയ ഗ്രാമത്തിലെ സ്ത്രീകളുടെ പേരുകളിൽ കൃത്രിമം കാണിച്ചാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പണം തട്ടിയത്. ഗ്രാമത്തിലെ 18 സ്ത്രീകൾ നിരവധി തവണ പ്രസവിച്ചെന്ന് കാണിച്ച് പലതവണകളായി പണം തട്ടിയെന്നാണ് കണ്ടെത്തൽ. സംഭവം വിവാദമായതോടെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

എസ്.ബി.ഐ. കസ്റ്റമർ പോയിന്റ് നടത്തുന്നയാൾ 65-കാരിയായ ലീലാദേവിയെ തിരഞ്ഞ് ഗ്രാമത്തിൽ എത്തിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ലീലാദേവിയുടെ അക്കൗണ്ടിലേക്ക് സർക്കാർ നിക്ഷേപിച്ച തുക മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്‌ഫർ ചെയ്തെന്നും ഈ പ്രശ്നം പരിഹരിക്കാൻ ലീലാദേവി നേരിട്ട് വരണമെന്നുമായിരുന്നു കസ്റ്റമർ പോയിന്റ് നടത്തുന്ന സുശീൽ കുമാർ ആവശ്യപ്പെട്ടത്. ഒരു ഫോമിൽ വിരലടയാളം പതിപ്പിക്കാനുണ്ടെന്നും അതോടെ പ്രശ്നം പരിഹരിക്കാമെന്നും ഇയാൾ പറഞ്ഞു.

എന്നാൽ, സംഭവത്തിൽ സംശയം തോന്നിയ ലീലാദേവി നേരേ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കാണ് അന്വേഷണവുമായെത്തിയത്. ഒരു പദ്ധതിയിലും അംഗമല്ലാത്ത തനിക്ക് എങ്ങനെയാണ് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നതെന്നായിരുന്നു ഇവരുടെ സംശയം. പക്ഷേ, ആരോഗ്യകേന്ദ്രത്തിലെ പട്ടിക പരിശോധിച്ചതോടെ ലീലാദേവി ശരിക്കും ഞെട്ടി. താനടക്കമുള്ള നിരവധി സ്ത്രീകളുടെ പേരുകളാണ് അടുത്തിടെ പ്രസവിച്ചവരുടെ പട്ടികയിലുണ്ടായിരുന്നത്. പലരും ഒന്നും രണ്ടുമല്ല അതിലേറെ തവണ പ്രസവം നടത്തിയെന്നും പട്ടികയിലുണ്ടായിരുന്നു.

ആറ് മക്കളുള്ള ലീലാദേവിയുടെ ഇളയ മകന് ഇപ്പോൾ 21 വയസ്സാണ് പ്രായം. എന്നാൽ 65-കാരിയായ ലീലാദേവി 18 മാസത്തിനിടെ 13 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നാണ് സർക്കാരിന്റെ കണക്ക്. 53-കാരിയായ ശീലാദേവി 13 മാസത്തിനിടെ എട്ട് കുഞ്ഞുങ്ങളെ പ്രസവിച്ചെന്നും പട്ടികയിലുണ്ട്. ഈ പട്ടികയിലുള്ള 18 പേരും അടുത്തിടെ ഗർഭം ധരിച്ചിട്ട് പോലുമില്ലെന്നാണ് ഇവർ പറയുന്നത്. 

ആശുപത്രിയിൽ പ്രസവിക്കുന്ന സ്ത്രീകൾക്ക് 1400 രൂപയാണ് സർക്കാർ നൽകുന്ന ധനസഹായം. ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്ന ആശ വർക്കർക്ക് 400 രൂപയും ലഭിക്കും. ഇത്തരത്തിൽ 18 സ്ത്രീകളുടെ പേരിലാണ് കൃത്രിമം കാണിച്ച് പണം തട്ടിയിരിക്കുന്നത്. ഈ സ്ത്രീകളെല്ലാം സുശീൽ കുമാറിന്റെ കസ്റ്റമർ പോയിന്റ് വഴിയാണ് നേരത്തെ ബാങ്ക് അക്കൗണ്ടുകൾ തുറന്നത്. രേഖകളിൽ കൃത്രിമം കാണിച്ച് സർക്കാരിൽനിന്ന് ലഭിക്കുന്ന പണം അക്കൗണ്ട് ഉടമകൾ അറിയാതെ ട്രാൻസ്‌ഫർ ചെയ്തെന്നാണ് സംശയം.

സംഭവം വിവാദമായതോടെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അക്കൗണ്ടന്റ് അവതേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു. എസ്.ബി.ഐ. കസ്റ്റമർ പോയിന്റ് നടത്തുന്ന സുശീൽ കുമാറിനെ കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ലെങ്കിലും ഏതാനുംദിവസങ്ങളായി ഇരുവരും ഒളിവിലാണ്.

അതിനിടെ, ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. പ്രസവ ധനസഹായ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പണം നൽകിയവരുടെ മുഴുവൻ വിവരങ്ങളും ഹാജരാക്കാൻ ജില്ലാ മജിസ്ട്രേറ്റ് ആരോഗ്യകേന്ദ്രങ്ങളോട് ആവശ്യപ്പെട്ടു. എ.ഡി.എം. അടങ്ങിയ നാലംഗ സംഘവും സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Content Highlights:delivery scheme scam in bihar