ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കനാലില്‍ തള്ളിയ കേസില്‍ ഭാര്യയും ഭാര്യാമാതാവും ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍. ദക്ഷിണപുരി സ്വദേശി നവീന്‍ ചന്ദി(24)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മസ്‌കന്‍, മാതാവ് മീനു, മസ്‌കന്റെ സുഹൃത്ത് ജമാലുദ്ദീന്‍, ഇയാളുടെ കൂട്ടാളികളായ വിവേക്, കോഷ്‌ലേന്ദര്‍, രാജ്പാല്‍, വിശാല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയതെന്നും പ്രതികള്‍ കുറ്റം സമ്മതിച്ചതായും ഡല്‍ഹി(സൗത്ത് ഈസ്റ്റ്) ഡി.സി.പി. ആര്‍.പി. മീണ മാധ്യമങ്ങളോട് പറഞ്ഞു. 

ഓഗസ്റ്റ് 10-ാം തീയതിയാണ് സുഖ്‌ദേവ് വിഹാറിലെ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹം. അഴുകിയനിലയിലായതിനാല്‍ തിരിച്ചറിയാനും കഴിഞ്ഞില്ല. ഇതിനിടെയാണ് യുവാവിന്റെ കൈയില്‍ നവീന്‍ എന്ന പേര് ടാറ്റൂ ചെയ്തത് കണ്ടെത്തിയത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 12-ന് നവീന്‍ ചന്ദ് എന്നയാളെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായി. എന്നാല്‍ ഈ പരാതിയില്‍ ടാറ്റൂവിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് പരാതി നല്‍കിയ മസ്‌കന്‍ എന്ന യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇവരുടെ താമസസ്ഥലത്ത് എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടനിലയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതി ഖാന്‍പുര്‍ ഗ്രാമത്തില്‍ മാതാവിനൊപ്പം താമസിക്കുന്നതായുള്ള വിവരം ലഭിച്ചത്. ഇതോടെ പോലീസ് സംഘം യുവതിയെ ഇവിടെയെത്തി ചോദ്യംചെയ്യുകയായിരുന്നു. 

എന്നാല്‍ പോലീസിനെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യുവതിയുടെ ശ്രമം. ടാറ്റൂവിനെക്കുറിച്ച് ചോദിച്ചപ്പോളും വ്യക്തമായ ഉത്തരം നല്‍കിയില്ല. തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് നവീനിന്റെ സഹോദരന്റെ നമ്പര്‍ കണ്ടെടുത്തു. ഇദ്ദേഹത്തെ വിളിച്ചതോടെയാണ് നവീന്‍ സ്വന്തം പേര് ടാറ്റൂ ചെയ്തിരുന്നതായി സ്ഥിരീകരിച്ചത്. ഇതോടെ യുവതിയെ പോലീസ് വീണ്ടും ചോദ്യംചെയ്യുകയായിരുന്നു.

എന്നാല്‍, ആദ്യഘട്ടത്തിലെ കള്ളത്തരം പിടിക്കപ്പെട്ടിട്ടും വീണ്ടും നുണകള്‍ ആവര്‍ത്തിക്കാനായിരുന്നു യുവതിയുടെ ശ്രമം. രണ്ടാംഘട്ട ചോദ്യംചെയ്യലിലും മസ്‌കന്‍ പോലീസിന് മുന്നില്‍ നുണക്കഥകള്‍ പറഞ്ഞു. നവീന്‍ തന്നെ മര്‍ദിച്ചെന്നും ഇതേതുടര്‍ന്ന് താന്‍ എയിംസില്‍ ചികിത്സ തേടിയെന്നുമായിരുന്നു യുവതിയുടെ പുതിയ മൊഴി. ഇതിനുശേഷം ഭര്‍ത്താവ് സഹോദരന്റെ വീട്ടിലേക്ക് പോയെന്നും മസ്‌കന്‍ പറഞ്ഞു. എന്നാല്‍ യുവതി പറയുന്നതെല്ലാം കള്ളമാണെന്ന് പോലീസിന് തുടക്കത്തിലേ ബോധ്യമായിരുന്നു. ഇതോടെ യുവതിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. 

മസ്‌കന്റെ ഫോണ്‍കോള്‍ വിവരങ്ങളില്‍നിന്നാണ് ജമാലുദ്ദീന്‍ എന്നയാളിലേക്ക് അന്വേഷണം എത്തുന്നത്. ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല, ഓഗസ്റ്റ് എട്ടാം തീയതി ജമാലുദ്ദീന്‍ മസ്‌കന്റെ വീട്ടില്‍ വന്നതായും പിന്നീട് സുഖ്‌ദേവ് വിഹാറിലെ കനാലിന് സമീപത്തേക്ക് പോയതായും ടവര്‍ ലൊക്കേഷന്‍ വിവരങ്ങളിലൂടെ കണ്ടെത്തി. പിന്നാലെ ഈ തെളിവുകള്‍ നിരത്തി പോലീസ് വീണ്ടും മസ്‌കനെ ചോദ്യംചെയ്യുകയായിരുന്നു. ഇത്തവണ പിടിച്ചുനില്‍ക്കാന്‍ കഴിയാതായതോടെ യുവതി എല്ലാസത്യങ്ങളും പോലീസിന് മുന്നില്‍ വെളിപ്പെടുത്തി.

ഓഗസ്റ്റ് എട്ടിനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് മസ്‌കന്‍ പോലീസിനോട് സമ്മതിച്ചു. ജമാലുദ്ദീനെ വീട്ടില്‍ കണ്ടതിനെച്ചൊല്ലി നവീന്‍ വഴക്കുണ്ടാക്കിയിരുന്നു. ഭാര്യയെ അടിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ജമാലുദ്ദീനും സുഹൃത്തുക്കളായ വിവേകും കോഷ്‌ലേന്ദറും നവീനെ ആക്രമിച്ചു. ഇവര്‍ നവീനെ പിടിച്ചുവെച്ച് നിരവധി തവണ കുത്തി പരിക്കേല്‍പ്പിച്ചു. കഴുത്തിലടക്കം മാരകമായി കുത്തേറ്റ നവീന്‍ ചോരവാര്‍ന്ന് മരിച്ചു. സംഭവസമയം മസ്‌കന്റെ മാതാവ് മീനുവും വീട്ടിലുണ്ടായിരുന്നു.

നവീന്‍ മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ മറ്റുസുഹൃത്തുക്കളായ രാജ്പാലിനെയും വിശാലിനെയും ഇവിടേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവരെല്ലാം ചേര്‍ന്ന് വീട് വൃത്തിയാക്കുകയും മൃതദേഹം ട്രോളി ബാഗിലാക്കി ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയും ചെയ്തു. പിന്നീട് സുഖ്‌ദേവ് വിഹാറിലെ കനാലില്‍ ഈ ബാഗ് ഉപേക്ഷിക്കുകയായിരുന്നു. 

കേസില്‍ ജമാലുദ്ദീന്‍ ഉള്‍പ്പെടെയുള്ള മറ്റുപ്രതികളെ ഉത്തര്‍പ്രദേശില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം വീട്ടില്‍നിന്ന് കൊണ്ടുപോയ ഓട്ടോറിക്ഷയും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും യുവതിയുടെ മാതാവിനും പങ്കുണ്ടെന്നും സംഭവസമയം ഇവര്‍ വീട്ടിലുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. അതിനാലാണ് ഇവരെയും കേസില്‍ പ്രതിചേര്‍ത്തത്. 

Content Highlights: delhi youth murder case tattoo helps police his wife and six others arrested