ആഗ്ര: പെണ്‍സുഹൃത്തിന്റെ കുടുംബത്തെ വിവാഹത്തില്‍നിന്ന് പിന്തിരിപ്പിക്കാനെത്തിയ യുവതിക്ക് ക്രൂരമര്‍ദനം. ഡല്‍ഹി മഹിപാല്‍പുര്‍ സ്വദേശിയായ 22 വയസ്സുകാരിക്കാണ് അലിഗഢില്‍വെച്ച് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അലിഗഢിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പം അലിഗഢിലെത്തിയ ടാക്‌സി ഡ്രൈവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. 

ഡല്‍ഹി വിമാനത്താവളത്തിലെ വ്യാപാരസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി വെള്ളിയാഴ്ചയാണ് ടാക്‌സിയില്‍ അലിഗഢില്‍ എത്തിയത്. തന്റെ മാതാപിതാക്കള്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി പെണ്‍സുഹൃത്ത് യുവതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച തന്നെ യുവതി ടാക്‌സി വിളിച്ച് അലിഗഢിലേക്ക് പുറപ്പെട്ടത്. പെണ്‍സുഹൃത്തിന്റെ വീട്ടുകാരെ വിവാഹത്തില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 

സുഹൃത്തിന്റെ വീടിന് സമീപത്തായാണ് യുവതി ടാക്‌സി നിര്‍ത്തിയത്. എന്നാല്‍ യുവതിയെ കണ്ടതോടെ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ ഇവരെ വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നും വസ്ത്രങ്ങള്‍ കീറിയെന്നും 25000 രൂപ കവര്‍ന്നെന്നുമാണ് യുവതിയുടെ പരാതി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ടാക്‌സി ഡ്രൈവറെയും ബന്ധുക്കള്‍ മര്‍ദിച്ചു. വാഹനം നശിപ്പിച്ചതായും ആരോപണമുണ്ട്. തന്റെ പെണ്‍സുഹൃത്തിന് തന്നോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും തങ്ങള്‍ പ്രണയത്തിലാണെന്നുമാണ് യുവതിയുടെ വാദം. 

അതേസമയം, യുവതിയുടെ പരാതിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പാലിമുകുംപുര്‍ എസ്.എച്ച്.ഒ. നരേഷ് സിങ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ പരിക്കേറ്റ യുവതി അലിഗഢിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: delhi woman brutally beaten up by her girlfriends family