ന്യൂഡല്‍ഹി:  രോഹിണിയിലെ കോടതിമുറിയില്‍ ഗുണ്ടാത്തലവനെ വെടിവെച്ച് കൊന്ന അക്രമികള്‍ വന്നത് അഭിഭാഷകവേഷത്തില്‍. രണ്ടുപേരാണ് രഹസ്യമായി കൈയില്‍ കരുതിയ തോക്കുമായി അഭിഭാഷകവേഷത്തില്‍ കോടതിമുറിയില്‍ പ്രവേശിച്ചത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന വിവരമറിഞ്ഞ് അക്രമികള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നതായാണ് പോലീസിന്റെ നിഗമനം. 

ഗോഗിയുടെ എതിരാളികളായ ടില്ലു താജ്പുരിയുടെ സംഘത്തില്‍പ്പെട്ടവരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ രണ്ടുപേരെയും പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്തു. 

കുപ്രസിദ്ധ ഗുണ്ടാത്തലവനായ ജിതേന്ദ്ര ഗോഗി കൊലക്കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. മാസങ്ങള്‍ക്ക് മുമ്പ് പോലീസിന്റെ പിടിയിലായ ഇയാള്‍ക്കെതിരേ മക്കോക്കയും ചുമത്തിയിരുന്നു. 

സ്‌കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ ഗോഗി 2010-ല്‍ പിതാവ് മരിച്ചതിന് പിന്നാലെയാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. 2010 സെപ്റ്റംബറില്‍ ശ്രദ്ധാനന്ദ് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവീണ്‍ എന്നയാള്‍ക്ക് നേരേ വെടിവെപ്പ് നടത്തിയിരുന്നു. പിന്നീട് ഇയാളും കൂട്ടാളികളും നിരവധി പേരെ ആക്രമിച്ചു. 2011 ഒക്ടോബറില്‍ ഗോഗി അറസ്റ്റിലായെങ്കിലും ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഗുണ്ടാസംഘം വിപുലമാക്കി. കൊലപാതകവും കവര്‍ച്ചയും പണം തട്ടലും ഭീഷണിയുമെല്ലാം പതിവായി. ഹരിയാണയിലെ നാട്ടന്‍പാട്ട് കലാകാരന്‍ ഹര്‍ഷിദ ദാഹിയയെയും സ്‌കൂള്‍ ഉടമയും അധ്യാപകനുമായ ദീപക്കിനെയും കൊലപ്പെടുത്തിയതും ഗോഗിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. 

2016-ല്‍ പാനിപത്ത് പോലീസ് ഗോഗിയെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. രണ്ടുവര്‍ഷം മുമ്പാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഗോഗിയെയും കൂട്ടാളിയായ കുല്‍ദീപ് ഫസ്സയെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാര്‍ച്ചില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുല്‍ദീപിനെ പോലീസ് സംഘം വധിച്ചിരുന്നു.