ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സബ്-ഇന്‍സ്‌പെക്ടര്‍(എസ്.ഐ) മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥയുടെ പരാതി. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിലെ സബ്-ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിരിക്കുന്നത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തി എസ്.ഐ. ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. 

ജോലിസ്ഥലത്തുവെച്ചാണ് പോലീസുകാരി എസ്.ഐ.യെ പരിചയപ്പെടുന്നത്. ഒരുദിവസം എസ്.ഐ. ഇവരെ നഗരത്തിലെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് ശീതളപാനീയം കുടിക്കാന്‍ നല്‍കി. എന്നാല്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിച്ച് താന്‍ ബോധരഹിതയായെന്നും എസ്.ഐ. ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഉദ്യോഗസ്ഥന്‍, പിന്നീട് ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വനിതാ കോണ്‍സ്റ്റബിള്‍ ആരോപിച്ചു. ലൈംഗികപീഡനത്തിന് പുറമേ മാനസികപീഡനത്തിനും താന്‍ ഇരയായെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോലീസുകാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. അതേസമയം, കേസില്‍ ഇതുവരെയും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു ഡി.സി.പി.(സൗത്ത്) അതുല്‍ ഠാക്കൂറിന്റെ പ്രതികരണം.

Content Highlights: delhi police woman constable filed rape complaint against sub inspector