ന്യൂഡൽഹി: കാമുകിയ്ക്ക് നേരേ വെടിയുതിർത്ത ശേഷം ഡൽഹിയിൽനിന്ന് രക്ഷപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ഭാര്യാപിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി ലഹോരി ഗേറ്റ് പോലീസ് സ്റ്റേഷനിലെ സബ്-ഇൻസ്പെക്ടർ സന്ദീപ് ദാഹിയയാണ് ഹരിയാണയിലെ റോത്തക്കിലെത്തി ഭാര്യാപിതാവിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാമുകിയായ യുവതിക്ക് നേരേ വെടിയുതിർത്ത ശേഷമാണ് ഇയാൾ ഡൽഹിയിൽനിന്ന് രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.

കാമുകിയെ ആക്രമിച്ച ശേഷം തിങ്കളാഴ്ച റോത്തക്കിലെ ഭാര്യവീട്ടിലെത്തിയ സന്ദീപ് ഭാര്യാപിതാവ് രൺവീർ സിങ്ങിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഏറെക്കാലമായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് ഇവിടെ എത്തിയത്. എന്നാൽ ഭാര്യയെ വീട്ടിൽ കാണാതായതോടെ ഭാര്യാപിതാവിന് നേരേ വെടിയുതിർക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി കാറിൽവെച്ച് വഴക്കിട്ടതിന് പിന്നാലെയാണ് സന്ദീപ് കാമുകിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്. വടക്കൻ ഡൽഹിയിലെ ജി.ടി. കർനാൽ റോഡിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ഇതുവഴിയെത്തിയ പോലീസുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ കേസിൽ സന്ദീപിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് റോത്തക്കിൽ ഭാര്യപിതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നത്.

സർവീസ് റിവോൾവർ ഉപയോഗിച്ചാണ് രണ്ടു പേർക്ക് നേരെയും വെടിയുതിർത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏതാനും വർഷങ്ങളായി സന്ദീപും ഭാര്യയും വേർപിരിഞ്ഞാണ് താമസം. ഒരു വർഷം മുമ്പാണ് പരിക്കേറ്റ യുവതിയുമായി സന്ദീപ് അടുപ്പത്തിലായത്. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.

Content Highlights:delhi police sub inspector shoots girl friend later killed father in law