ന്യൂഡല്‍ഹി: കള്ളനെ പിടിക്കേണ്ട പോലീസ് കള്ളനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടാലോ. സിനിമാക്കഥയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഡല്‍ഹി പോലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളാണ് കുറ്റകൃത്യത്തില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് പരീക്ഷിച്ച് പണമുണ്ടാക്കാന്‍ നോക്കി കുടുങ്ങിയത്. കള്ളന്റെ ബന്ധുക്കളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷം പദ്ധതി പൊളിയുകയായിരുന്നു.

ജാമിയ നഗര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിളിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കള്ളനെ പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

മെയ് 25ന് തട്ടിക്കൊണ്ടുപോയ ആളുടെ സഹോദരി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് പോലീസുകാരനിലെ 'കിഡ്ണാപ്പറെ' തിരിച്ചറിയുന്നത്. സണ്‍ ലൈറ്റ് കോളനി പോലീസ് സ്റ്റേഷനില്‍ ഇവര്‍ നല്‍കിയ പരാതിയില്‍ തന്റെ സഹോദരനെ തട്ടികൊണ്ടുപോയതായും മോചന ദ്രവ്യമായി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പറഞ്ഞിരുന്നു

സംഭവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ വിളിച്ച് സംസാരിക്കവേ താന്‍ സരൈ കാളെ ബസ് സ്റ്റാന്റില്‍ ഒരു ലക്ഷം രൂപയുമായി നില്‍ക്കുകയാണെന്നും അവര്‍ മൂന്ന് ലക്ഷം ആവശ്യപ്പെട്ടുവെന്നും യുവതി വ്യക്തമാക്കിയിരുന്നു. 

ബന്ദിയാക്കിവര്‍ ആരെണെന്ന് അറിയില്ല എന്നാല്‍ ഇവര്‍ സഹോദരന്‍ വരുണിന്റെ ഫോണില്‍ നിന്ന് വാട്സാപ്പ് കോളിലൂടെയാണ് തന്നോട് മോചന ദ്രവ്യം ആവശ്യപ്പെട്ടതെന്നും പണവുമായി സരായ് കാലെ ഖാന്‍ എന്ന സ്ഥലത്തെത്താനും  ഇവിടെ വെച്ച് സഹോദരനെ മോചിപ്പിക്കാമെന്ന്  വ്യക്തമാക്കിയതെന്നും യുവതി പോലീസിനെ അറിയിച്ചു.

ഇതോടെ വരുണിനായി പോലീസ് തിരച്ചിലാരംഭിച്ചു. ജാമിയ നഗര്‍ സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍, അമീര്‍ ഖാന്‍ എന്നിവരുടെ കസ്റ്റഡിയിലാണ് വരുണ്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. 

മാസങ്ങള്‍ക്കുമുമ്പ് ഗാന്ധി നഗറിലെ ഒരാളില്‍ നിന്ന് വരുണ്‍ 1.5 ലക്ഷം കൊള്ളയടിച്ച കാര്യം അമീര്‍ ഖാനാണ് രാകേഷ് കുമാറിനോട് പങ്കുവച്ചത്. ഈ പണം അടിച്ചുമാറ്റാനാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ആസൂത്രണം ചെയ്തത്.

കവര്‍ച്ചാക്കേസില്‍ കേസില്‍ വരുണിനെ അറസ്റ്റ് ചെയ്തതായും വീട്ടില്‍ നിന്ന് 1.4 ലക്ഷം രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

Content highlight; Delhi police constable kidnaps burglar