ന്യൂഡൽഹി: അന്തസ്സംസ്ഥാന കാർ മോഷണ സംഘത്തിലെ നാല് പേരെ ഡൽഹി സ്പെഷ്യൽ പോലീസ് പിടികൂടി. ഡൽഹി, മണിപ്പൂർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. ഇവരിൽ നിന്ന് ആഡംബര കാറുകൾ ഉൾപ്പെടെ 21 വാഹനങ്ങൾ പിടിച്ചെടുത്തു. അഞ്ചു കോടിയോളം രൂപ വിലവരുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കൃഷ്ണ നഗറിലെ മുഹമ്മദ് ഇഖ്ലാഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. ഒക്ടോബർ മൂന്നിന് ഇഖ്ലാഖ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് കാർമോഷണ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ഡൽഹിയിലെ ഉത്തം നഗറിൽ നിന്നാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ആബിദ് എന്നയാളെയാണ് പോലീസ് കേസിൽ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് അന്തർ സംസ്ഥാന കാർ മോഷണ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇയാൾക്കെതിരെ നേരത്തേയും കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. 

ദുബായിലുള്ള കാലിയാസ് സേട്ട എന്നയാളാണ് സംഘത്തെ നയിക്കുന്നതെന്ന് എസിപി അമിത് ഗോയൽ പറഞ്ഞു.

Content Highlights: Delhi Police bust interstate gang of auto lifters