ന്യൂഡല്‍ഹി:  പുകവലി നിര്‍ത്താന്‍ ആവശ്യപ്പെട്ട സഹോദരനെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു. ഡല്‍ഹിയിലെ ആനന്ദ് പര്‍ബാട്ട് സ്വദേശി സത്യദേവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സത്യദേവിന്റെ സഹോദരന്‍ ശിശുപാല്‍ കുമാറിനെ പോലീസ് പിടികൂടി. കഴിഞ്ഞ ബുധനാഴ്ച ആനന്ദ് പര്‍ബാട്ടിലെ ഇവരുടെ വസതിയിലായിരുന്നു സംഭവം. 

ശിശുപാല്‍ കുമാറിന്റെ അമിത മദ്യപാനത്തെയും പുകവലിയെയും ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെയും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ശിശുപാല്‍ വീട്ടിലിരുന്ന് പുകവലിക്കുന്നത് കാരണം മറ്റുള്ളവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനാലാണ് സത്യദേവ് സഹോദരനെ ശാസിച്ചത്. കഴിഞ്ഞ ബുധനാഴ്ചയും ശിശുപാല്‍ പുകവലിക്കുന്നത് കണ്ട സത്യദേവ് പുകവലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇതേചൊല്ലി വഴക്കിടുകയും ചെയ്തു. 

ഈ തര്‍ക്കത്തിനിടെ കലിപൂണ്ട ശിശുപാല്‍ കുമാര്‍ ഷൂലെയ്‌സ് ഉപയോഗിച്ച് സത്യദേവിന്റെ കഴുത്തില്‍മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശിശുപാല്‍ ഉടന്‍തന്നെ സഹോദരനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സഹോദരന്‍ മരണപ്പെട്ട വിവരം വീട്ടുകാരെയും അറിയിച്ചു. സ്വാഭാവിക മരണമെന്നായിരുന്നു ഇയാള്‍ വീട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. 

എന്നാല്‍ സത്യദേവിന്റെ മരണത്തില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. ഇതോടെയാണ് ശിശുപാല്‍ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ശിശുപാല്‍ കുമാര്‍ കുറ്റംസമ്മതിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അങ്ങനെ സംഭവിച്ചുപോയെന്നായിരുന്നു ഇയാളുടെ മൊഴി.