ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പട്ടാപ്പകല്‍ കൊലപാതകം. വടക്കന്‍ ഡല്‍ഹിയിലെ ജാഫറബാദിലാണ് വ്യാപാരിയെ രണ്ടുപേര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. റഹീസ് അന്‍സാരി(50) എന്നാണ് കൊലപ്പെട്ടയാളുടെ പേരെന്നും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ബുധനാഴ്ച വൈകിട്ടാണ് വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന റഹീസ് അന്‍സാരിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. സ്‌കൂട്ടര്‍ തുടച്ച്, മറ്റൊരാളുമായി സംസാരിച്ചുനില്‍ക്കുന്ന റഹീസിന്റെ അടുത്തേക്ക് രണ്ടുയുവാക്കള്‍ വരുന്നത് ദൃശ്യങ്ങളിലുണ്ട്. റഹീസുമായി സംസാരിച്ച ഇവരിലൊരാള്‍ പെട്ടെന്ന് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ചെറുക്കാന്‍ശ്രമിച്ച റഹീസിനെ ഇരുവരും പിന്തുടര്‍ന്ന് വെടിവെച്ചു. പിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ റഹീസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പോലീസിന് ഇതുവരെ പ്രതികളെ വ്യക്തമായി തിരിച്ചറിയാനായിട്ടില്ല. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കിടെ പട്ടാപ്പകല്‍ ഒട്ടേറെ കൊലപാതകങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. മിക്ക സംഭവങ്ങളിലും വെടിയേറ്റാണ് ഇരകള്‍ കൊല്ലപ്പെട്ടത്. ഈ സംഭവങ്ങളുടെ നടുക്കം മാറുംമുമ്പേയാണ് മറ്റൊരു കൊലപാതകവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.