ന്യൂഡല്‍ഹി: കവര്‍ച്ച ആരോപിച്ച് അച്ഛനെ പിരിച്ചുവിട്ടതിന് പകരംവീട്ടാന്‍ ഫാക്ടറിയില്‍ മകന്റെ കവര്‍ച്ച. ഔട്ടര്‍ ഡല്‍ഹി മുണ്ട്കയിലാണ് സംഭവം.

ഇരുപത്താറുകാരനായ അക്ഷയിന്റെ നേതൃത്വത്തിലായിരുന്നു കവര്‍ച്ച. വിക്കി (23), ഗോവിന്ദ് (21), കൃഷ്ണ (23), ധര്‍മേന്ദര്‍ (39) എന്നീ കൂട്ടുകാര്‍ക്കൊപ്പമാണ് അതിക്രമം നടത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, എല്‍.പി.ജി. സിലിണ്ടറുകള്‍, അലുമിനിയം ബാര്‍ തുടങ്ങിയവയൊക്കെ ഉള്ളതാണ് ഫാക്ടറി. ഇവയില്‍ മിക്ക സാധനങ്ങളും ഫാക്ടറിയില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി.

അക്ഷയിന്റെ അച്ഛന്‍ ഫാക്ടറിയില്‍ ജീവനക്കാരനായിരുന്നു. ഏറെ നാളുകള്‍ക്കു മുമ്പ് ഫാക്ടറി പരിസരത്ത് നടന്ന ഒരു മോഷണത്തിന്റെ പേരില്‍ ഇയാളെ ഫാക്ടറി ഉടമ സംശയിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ജോലിയില്‍ നിന്നു പറഞ്ഞുവിട്ടു. ഇതിനുള്ള പ്രതികാരമായിട്ടാണ് മകന്‍ ഈ ഫാക്ടറിയില്‍ കവര്‍ച്ചയ്ക്കിറങ്ങിയത്. സംഭവം പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

കൂട്ടത്തിലുണ്ടായിരുന്ന വിക്കി എന്ന ചെറുപ്പക്കാരനെ പോലീസ് പിടികൂടിയതിനെ തുടര്‍ന്നാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. പി.വി.സി. മാര്‍ക്കറ്റില്‍ മോഷണമുതല്‍ വില്‍ക്കാന്‍ ചെന്നതായിരുന്നു വിക്കി. ആ സമയത്ത് പോലീസ് സംശയകരമായി പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അക്ഷയ് ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. മോഷ്ടിക്കപ്പെട്ട സാധനസാമഗ്രികളും പോലീസ് ഇവരില്‍നിന്നു കണ്ടെടുത്തു.