ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹി ശാന്ത് നഗറില്‍ താമസിക്കുന്ന രാകേഷാണ് പോലീസിന്റെ പിടിയിലായത്. 

ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വീരേന്ദര്‍ കുമാറിന്റെ ഭാര്യ പിങ്കി(32)യെയാണ് ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രാകേഷ് അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ബുരാരിയില്‍നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. റോഡരികില്‍ പരിഭ്രമിച്ചിരിക്കുന്ന രാകേഷിനെ പോലീസ് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യംചെയ്യലില്‍ സഹോദഭാര്യയായി കണ്ടിരുന്ന യുവതിയെ താന്‍ കൊലപ്പെടുത്തിയതായി രാകേഷ് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം പ്രതിയുമായി ശാന്ത് നഗറിലെ വീട്ടിലെത്തുകയും യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. 

വീരേന്ദര്‍ കുമാറിന്റെ വീടിന്റെ മുകള്‍നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. സ്ഥിരവരുമാനമില്ലാത്ത ആളായതിനാല്‍ രാകേഷില്‍നിന്ന് വാടക വേണമെന്ന് വീരേന്ദര്‍ നിര്‍ബന്ധം പിടിച്ചിരുന്നില്ല. ഇതിനിടെ, വരുമാനത്തിനായി രാകേഷിന് തന്റെ ടാക്‌സി കാര്‍ ഓടിക്കാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വീരേന്ദര്‍ കുമാറിന്റെ വിവാഹം കഴിഞ്ഞ് ഭാര്യ പിങ്കിയും ഇവിടെ താമസത്തിനെത്തി. സ്ഥിരവരുമാനമില്ലാത്ത രാകേഷ് വാടകനല്‍കാതെ മുകള്‍നിലയില്‍ താമസിക്കുന്നത് പിങ്കിയെ ചൊടിപ്പിച്ചു. രാകേഷിനെ യുവതി വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇതോടെയാണ് പിങ്കിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. 

വീരേന്ദര്‍ കുമാര്‍ സ്ഥലത്ത് ഇല്ലാത്ത സമയത്താണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് യുവതിയെ ആക്രമിച്ചു. കഴുത്ത് ഞെരിച്ചും ഇതിനുശേഷം ഷോക്കടിപ്പിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം വീട്ടില്‍തന്നെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.