ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ മാതാവ് 16 വയസ്സുള്ള പെൺകുട്ടിയാണെന്നും ഒമ്പത് മാസം മുമ്പ് 60-കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് 60-കാരനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഒരു കടയ്ക്ക് സമീപം നവജാത ശിശുവിനെ തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയത്. കൺട്രോൾ റൂമിൽ വിവരം ലഭിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് കുഞ്ഞിനെ ഉപേക്ഷിച്ചതാരാണെന്ന് പോലീസ് കണ്ടെത്തിയത്.

ഒരു പെൺകുട്ടി കുഞ്ഞുമായി വരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് പെൺകുട്ടിയെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് പീഡനവിവരവും പുറത്തറിഞ്ഞത്.

ഒമ്പത് മാസം മുമ്പ് 60-കാരൻ തന്നെ പീഡിപ്പിച്ചെന്നും തുടർന്ന് ഗർഭിണിയായെന്നുമാണ് 16 വയസ്സുകാരി മൊഴി നൽകിയത്. ഭയം കാരണം സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് വീടിന്റെ ടെറസിൽവെച്ചാണ് കുഞ്ഞിനെ പ്രസവിച്ചത്. ഇതിനുപിന്നാലെ കുഞ്ഞിനെ അല്പംദൂരെയുള്ള ഒരു കടയുടെ മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് സംഘം ഉടൻതന്നെ വ്യാപാരിയായ 60-കാരനെ അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരേ പോക്സോ വകുപ്പടക്കം കേസെടുത്തിരിക്കുന്നത്.

Content Highlights:delhi girl raped and gives birth on terrace