ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ മരണകാരണം കണ്ടെത്താനായില്ലെന്ന് ഡോക്ടമാരുടെ സമിതി. മൂന്ന് ഡോക്ടര്‍മാരടങ്ങിയ സമിതിയാണ് വിശദമായ പരിശോധനയ്ക്ക് ശേഷം ഈ വിവരം പോലീസിനെ അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായോ ഇല്ലയോ എന്ന് കണ്ടെത്തല്‍ പ്രയാസകരമാണെന്നും ഡോക്ടമാര്‍ പറഞ്ഞു. 

പെണ്‍കുട്ടിയുടെ മൃതദേഹം ആരുമറിയാതെ ദഹിപ്പിച്ചതിനാല്‍ പോലീസിനോ ഫൊറന്‍സിക് സംഘത്തിനോ തെളിവുകളൊന്നും ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കണങ്കാലും ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളും മാത്രമാണ് മൃതദേഹത്തില്‍നിന്ന് ലഭിച്ചിട്ടുള്ളത്. ഇതാണ് ഡോക്ടര്‍മാരുടെ സമിതിക്ക് പരിശോധനയ്ക്കായി കൈമാറിയത്. എന്നാല്‍ ഈ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താനായില്ലെന്നാണ് ഡോക്ടര്‍മാരുടെ സമിതി ഡല്‍ഹി കന്റോണ്‍മെന്റ് ഡി.സി.പി.യെ അറിയിച്ചത്. 

അതിനിടെ, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡി.സി.പി. മോണിക്ക ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാകും കേസില്‍ ഇനി അന്വേഷണം നടത്തുക. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 10 ലക്ഷം രൂപയുടെ സാമ്പത്തികസഹായവും പ്രഖ്യാപിച്ചിരുന്നു. 

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പുരോഹിതന്റെ നേതൃത്വത്തില്‍ ആരുമറിയാതെ മൃതദേഹം ദഹിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. ഷോക്കേറ്റ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വേഗത്തില്‍ മൃതദേഹം ദഹിപ്പിച്ചതെന്നും സംഭവം പോലീസിനെ അറിയിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും ഒട്ടേറെ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.  പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പുരോഹിതനടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മൃതദേഹം ദഹിപ്പിച്ചതിനാല്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായോ എന്നത് കണ്ടെത്തലാണ് അന്വേഷണസംഘത്തിന് മുന്നിലുള്ള വെല്ലുവിളി.  

Content Highlights: delhi girl rape murder case doctors panel says they cant find the cause of death