ന്യൂഡല്‍ഹി: പതിനാറുകാരിയെ കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ പ്രവീണിനെയാണ് ഹരിയാണയിലെ പാള്‍വാളിലുള്ള സഹോദരിയുടെ വീട്ടില്‍നിന്നും പോലീസ് പിടികൂടിയത്. 

തിങ്കളാഴ്ചയാണ് പ്രവീണ്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു. ശല്യംചെയ്യല്‍ തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി ഇത് തന്റെ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്ച കൃത്യം നടത്താന്‍ ലക്ഷ്യമിട്ടിറങ്ങിയ പ്രതി ഒളിച്ചിരുന്ന് കോടാലി കൊണ്ട് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍പോയ യുവാവിനെ പോലീസ് ഹരിയാണയില്‍നിന്നാണ് പിടികൂടിയത്. 

പെണ്‍കുട്ടിയെ കൊല്ലാനായി ഒരുമാസം മുമ്പ് തന്നെ പ്രതി കോടാലി വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയായ യുവാവ് നിരന്തരം പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടിയെ പിറന്നാളിന് മുന്‍പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ സഹോദരിയും പ്രതികരിച്ചു. 

Content Highlights: delhi girl killed by youth accused arrested from haryana