ന്യൂഡൽഹി: പോലീസ് വാഹനം തട്ടിയെടുക്കുകയും പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയായ ഹർപ്രീത് സിങ്ങിനെയാണ് സാഹസികമായി പോലീസ് സംഘം പിടികൂടിയത്. സിങ്ഘു അതിർത്തിയിലെ കർഷക പ്രക്ഷോഭ സ്ഥലത്തുണ്ടായിരുന്ന ഇയാൾ പോലീസ് വാഹനവുമായി കടന്നുകളഞ്ഞതോടെയാണ് നാടകീയ രംഗങ്ങളുടെ തുടക്കം.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഹർപ്രീത് സിങ് പോലീസ് വാഹനം തട്ടിയെടുത്തത് കടന്നുകളഞ്ഞത്. ഇതുകണ്ട പോലീസ് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്നു. ട്രാഫിക് സിഗ്നലിൽവെച്ച് കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇയാൾ പിന്നീട് ഒരു സ്കൂട്ടർ തട്ടിയെടുത്ത് രക്ഷപ്പെട്ടു. പോലീസും പിന്നാലെ കുതിച്ചു. ഒടുവിൽ പോലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന വാൾ കൊണ്ട് പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപരിക്കേൽപ്പിച്ചത്.

ഡൽഹി സമയ്പുർ ബദ്ലി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ആശിഷ് ദുബെയ്ക്കാണ് വെട്ടേറ്റത്. കഴുത്തിലും കൈവിരലുകളിലും വെട്ടേറ്റ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

സംഭവത്തിൽ ഹർപ്രീത് സിങ്ങിനെതിരേ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞമാസവും കർഷക സമരത്തിനിടെ സിങ്ഘു അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പോലീസുകാരന് വെട്ടേറ്റിരുന്നു.

Content Highlights:delhi cop attacked with sword