ന്യൂഡല്‍ഹി:  മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഡല്‍ഹിയില്‍ ഷാലിമാര്‍ ബാഗിലാണ് സംഭവം.

സാന്റ്‌പേപ്പര്‍ ഫാക്ടറി നടത്തുകയായിരുന്ന മാധുര്‍ മലാനി(44) ആണ് ആത്മഹത്യ ചെയ്തത്. മക്കളായ സമിക്ഷ (14) ശേയാന്‍സ്(14) എന്നിവരാണ് കൊല്ലപ്പെട്ടത്. 

ആറുമാസം മുമ്പ് മാധുര്‍ സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. പിന്നീട് മാതാപിതാക്കളുടെ സഹായത്തോടെയാണ് ജീവിച്ചത്.  എന്നാല്‍  ഫാക്ടറി വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ മാധുര്‍  ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിലുള്ള നിരാശമൂലമാകാം കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.

സംഭവദിവസം വൈകുന്നേരം 6.45ന് ഡല്‍ഹി പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്.

വീടിനുള്ളില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു ഫോണ്‍ സന്ദേശം. പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ അനുമാനം.

വീട്ടില്‍നിന്ന് മാധൂരിനെ കാണാതായെന്ന് മനസിലാക്കിയ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരം ട്രെയിനിന് മുന്നില്‍ ചാടി മാധൂര്‍ ആത്മഹത്യ ചെയ്തതായി പോലീസിന് വിവരം ലഭിച്ചു. കുട്ടികളുടെ അമ്മ മാര്‍ക്കറ്റില്‍ പോയപ്പോഴായിരുന്നു സംഭവം.

ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
 

Content Highlight: Delhi Businessman kills  Children, Commits Suicide