ന്യൂഡല്‍ഹി: സഹോദരിയെ ശല്യംചെയ്തത് ചോദ്യംചെയ്ത 17-കാരനെ മര്‍ദിച്ച് കുത്തിപരിക്കേല്‍പ്പിച്ചു. ഡല്‍ഹി കല്‍കജിയിലെ പ്രകാശ് എന്ന പത്താംക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലസ്ടു വിദ്യാര്‍ഥിനിയായ സഹോദരിക്കൊപ്പം സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രകാശിന് മര്‍ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ കല്‍കജിയിലെ സര്‍വോദയ വിദ്യാലയത്തിന് സമീപത്തായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന മൂന്നുപേര്‍ സഹോദരിയെ പിന്തുടര്‍ന്ന് അശ്ലീലആംഗ്യം കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് മൂന്നഗസംഘം പ്രകാശിനെ മര്‍ദിച്ചത്. പിന്നാലെ 17-കാരന്റെ വയറില്‍ കത്തി കൊണ്ട് കുത്തുകയും ചെയ്തു. പ്രകാശ് കുത്തേറ്റ് വീണതോടെ അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. 

സംഭവത്തില്‍ വധശ്രമം അടക്കം ചുമത്തി മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ജെജെ ക്യാമ്പ് ഗിരിനഗര്‍ കോളനിയിലുള്ളവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: delhi boy attacked and stabbed by three for objecting harassment on sister