മണ്ണാര്‍ക്കാട്: ഭാര്യയെ വെട്ടിയും തല്ലിയും കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് വിവിധ വകുപ്പുകളിലായി 16 വര്‍ഷം തടവും 40,000രൂപ പിഴയും ശിക്ഷ. ഷോളയൂര്‍ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.എസ്. മധു ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികം തടവ് അനുഭവിക്കണം. ഭാര്യ നിഷ കൊല്ലപ്പെട്ട കേസിലാണ് വിധി.

2014-ലാണ് കേസിനാസ്പദമായ സംഭവം. സുന്ദരന്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷോളയൂര്‍ പോലീസ് സ്റ്റേഷനില്‍ നിഷ പരാതി നല്‍കിയിരുന്നു. സംഭവംനടന്ന ദിവസവും നിഷയെ സുന്ദരന്‍ മര്‍ദിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കേസില്‍ പറയുന്നു. ഇതിനുമുന്പായി മാതാപിതാക്കളെയും രണ്ട് കുട്ടികളെയും സുന്ദരന്‍ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചതായും പറയുന്നു. തുടര്‍ന്ന്, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചും തല ഭിത്തിയിലിടിച്ച് പരിക്കേല്‍പ്പിച്ചും നിഷയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

മനപ്പൂര്‍വമല്ലാത്ത നരഹത്യ, സ്ത്രീപീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ക്കാണ് ശിക്ഷ. ഡിവൈ.എസ്.പി.മാരായ ഷാനവാസ്, സലിം എന്നിവര്‍ കേസന്വേഷിച്ചു. ഡിവൈ.എസ്.പി. മാത്യു എക്‌സല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന്‍ ഹാജരായി