കൊച്ചി: ആറ് വർഷത്തിനുള്ളിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊമ്പനാട് ക്രാരിയേലി മാനാംകുഴി വിട്ടിൽ ലാലു (27) വിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുറുപ്പംപടി, പെരുമ്പാവൂർ, സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ആയുധം കൈവശം വയ്ക്കൽ, കവർച്ച തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ജൂലൈയിൽ കുറുപ്പംപടിയിൽ എതിരാളികളിലൊരാളായ അമലിനെ നാടൻ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറുപ്പംപടി സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് ലാലുവിനെതിരെ കേസെടുത്തിരുന്നു. തുടർന്നാണ് കാപ്പ ചുമത്തിയത്. അമലും കാപ്പ ചുമത്തപ്പെട്ട് ഒക്ടോബർ അവസാനം മുതൽ ജയിലിലാണ്.
സി.ഐ കെ. ആർ. മനോജ്, എസ്.ഐ ജിതിൻ ചാക്കോ, സി.പി.ഒ മാഹിൻഷാ തുടങ്ങിയവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ കാപ്പ നിയമകാരം 219 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നും 23 പേരെ നാടുകടത്തിയെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കുന്നു.
Content Highlights:Defendant in several criminal cases was jailed and charged Kerala Anti-Social Activities