ഇന്ദോർ: ഓൺലൈൻ ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ചതിന് പ്രതികാരമായി ഒമ്പത് വയസ്സുകാരിയെ 11-കാരൻ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ലാസുഡിയയിലാണ് ദാരുണമായ സംഭവം.

അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെയാണ് അയൽക്കാരനായ 11-കാരൻ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആൺകുട്ടി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.

അയൽക്കാരായ ഒമ്പത് വയസ്സുകാരിയും 11-കാരനും ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ ഏറെനേരം ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു. ഓൺലൈൻ ഗെയിമിൽ പെൺകുട്ടിയോട് തുടർച്ചയായി തോറ്റതോടെ 11-കാരന് പകയായി. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയെ സമീപത്തെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തലയിലും മുഖത്തും മാരകമായി പരിക്കേറ്റിട്ടുണ്ട്.

പെൺകുട്ടി കൊല്ലപ്പെട്ടതോടെ വീട്ടിൽ തിരികെയെത്തിയ 11-കാരൻ മണിക്കൂറുകളോളം കുളിമുറിയിൽ കയറി കതകടച്ചിരുന്നു. ഇതിനിടെ പെൺകുട്ടിയെ കാണാതായ വീട്ടുകാർ തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു.

കൊല്ലപ്പെട്ട പെൺകുട്ടി 11-കാരനൊപ്പം വയലിലേക്ക് പോകുന്നതായി നാട്ടുകാരിൽ ചിലർ മാതാപിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Content Highlights:defeated in online game 11 year boy killed 9 year old girl in madhyapradesh