mobile phone
പ്രതീകാത്മകചിത്രം| Photo: Mathrubhumi

തൃശൂർ: സാമൂഹികമാധ്യമങ്ങളിലൂടെ വീട്ടമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെതിരേ പോലീസ് കേസെടുത്തു. വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നാട്ടിക ജമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന ഇളയേടത്തു വീട്ടിൽ ഉമ്മർഹാജിയുടെ മകൻ മുഹമ്മദ് അദീപിന്(36) എതിരേ വലപ്പാട് പോലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 354(സ്ത്രീകളെ അപമാനിക്കുക)കേരള പൊലീസ് ആക്ട് പ്രകാരം സ്ത്രീകളെ മോശമായി ചിത്രീകരിക്കുക, അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

മുഹമ്മദ് അദീപിനെതിരെ വലപ്പാട് സ്റ്റേഷനിലും തൃശൂർ സൈബർ സെല്ലിലുമായി നാലുകേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി ഒരു വർഷത്തിനുള്ളിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്താൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തും. സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നാണ് എല്ലാകേസുകളിലെയും കുറ്റം.

സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും വ്യക്തിഹത്യ നടത്തിയെന്നും കാണിച്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന് വീട്ടമ്മ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് വനിതാ പോലീസ് സംഘം വീട്ടമ്മയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ, പ്രതിയെ വലപ്പാട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിച്ചു. പോലീസ് സ്റ്റേഷനിൽ പ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞു. എല്ലാകേസുകളിലും സൈബർ തെളിവുകൾ സഹിതം പോലീസ് കുറ്റപത്രം സമർപ്പിക്കും. കോവിഡ് കാലമായതിനാൽ ഏഴു
വർഷം താഴെയുള്ള കുറ്റങ്ങൾക്ക് അറസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഈ കേസുകളിലും അറസ്റ്റ് നോട്ടീസ് മുഖേന പ്രതിയെ അറിയിച്ചു. ഇനി പ്രതി കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം.

സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്ന മറ്റൊരു പരാതിയിൽ തെളിവായി മുഹമ്മദ് അദീപിന്റെ മൊബൈൽ ഫോൺ തൃശൂർ സൈബർ സെൽ കസ്റ്റഡിയിലെടുത്തിരുന്നു. ഫൊറൻസിക് വിദഗ്ധരെ കൊണ്ട് മൊബൈൽ ഫോൺ പരിശോധിച്ച് പോലീസ് റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചെന്ന പരാതികളിൽ കർശന നടപടി വേണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തു നിന്നുള്ള നിർദ്ദേശം. ഇത്തരം പരാതികളിൽ തുടർനടപടി വേഗത്തിലാക്കാനും ഉന്നതതല നിർദ്ദേശമുണ്ട്.

Content Highlights:defamation against house wife police booked case against natika native