കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ വി.ഐ.പി.കളുടെയോ സിനിമാ മേഖലയിലെ വ്യക്തികളുടെയോ പങ്കില്ലെന്ന് അന്വേഷണ സംഘം പറയുന്നത് സംശയാസ്പദമെന്ന് ആക്ഷേപം.

ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാതെ തന്നെ ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയതാണ് സംശയങ്ങള്‍ക്ക് കാരണം.

ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ സിനിമാ രംഗത്തുള്ളവര്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. ഇതോടൊപ്പം ഹോട്ടലുടമ റോയിയുടെ സുഹൃത്തുക്കളും മറ്റുമായി പല പ്രമുഖരും ഇവിടെ എത്താറുണ്ട്. ഡി.ജെ. പാര്‍ട്ടിക്കു ശേഷം നടക്കുന്ന ആഫ്റ്റര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതില്‍ നല്ലൊരു പങ്കും പ്രമുഖരായിരുന്നെന്നാണ് സൂചന. സംഭവ ദിവസം ആഫ്റ്റര്‍ പാര്‍ട്ടി നടന്നതായി സംശയിക്കുമ്പോള്‍ പോലും വി.ഐ.പി.കള്‍ ആരും വന്നതായി കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. ഇത് ഇത്തരം അന്വേഷണങ്ങള്‍ക്ക് തടയിടാനുള്ള നീക്കമാണെന്നാണ് സംശയം. ഡി.ജെ. പാര്‍ട്ടി ഹാളിലെയും രണ്ടു നിലകളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ മാറ്റിയത് എന്തിനാണെന്ന കാര്യത്തിലും അന്വേഷണ സംഘത്തിന് വ്യക്തതയില്ല.

മോഡലുകളുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും ഡ്രൈവര്‍ അബ്ദുള്‍റഹ്‌മാന്‍ അമിതമായി മദ്യപിച്ച് അതിവേഗം കാറോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് പോലീസ് പറയുന്നത്. അപകടത്തില്‍ ദുരൂഹതയില്ലെന്നു പറയുമ്പോഴും അതിലേക്ക് നയിച്ച കാര്യങ്ങളില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.