കൊച്ചി: മോഡലുകള്‍ മരണപ്പെട്ട കേസില്‍ സുപ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടുമെന്ന് അന്വേഷണ സംഘം. ഡി.ജെ. പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌ക് മീന്‍പിടിത്തക്കാരന്റെ വലയില്‍ കുടുങ്ങിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, ഇത് തിരിച്ചറിയാനാകാതെ പോയ മീന്‍പിടിത്തക്കാരന്‍ ഡിസ്‌ക് വീണ്ടും കായലിലേക്ക് തള്ളുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10-ന് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലില്‍ മീന്‍ പിടിച്ച വള്ളക്കാരനാണ് ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചത്.

അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ഡൈവിങ് ടീം പരിശോധിക്കാനെത്തുന്നതിനു മുമ്പായിരുന്നു സംഭവം. ഹാര്‍ഡ് ഡിസ്‌കാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് വള്ളക്കാരന്‍ കായലിലേക്ക് എറിയുകയായിരുന്നുവെന്നും പറയുന്നു. അതിനാല്‍ സുപ്രധാന തെളിവായ ഇത് കണ്ടെത്താന്‍ ബുധനാഴ്ച വീണ്ടും മത്സ്യത്തൊഴിലാളികളെയും ചേര്‍ത്ത് പരിശോധന നടത്താനാണ് പോലീസിന്റെ പദ്ധതി. വല ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍, ഇത് പോലീസിന്റെ തിരക്കഥയാണോയെന്നും ആക്ഷേപമുണ്ട്. വൈകിയുണ്ടായ ഹാര്‍ഡ് ഡിസ്‌ക് തിരച്ചിലിനെക്കുറിച്ച് വ്യാപകമായി വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ വെളിപ്പെടുത്തല്‍ എന്നതാണ് സംശയങ്ങള്‍ക്ക് കാരണം.

രണ്ടാം ദിവസവും കണ്ടെത്താനായില്ല

നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടാം ദിനമായ ചൊവ്വാഴ്ച കായലില്‍ ഹാര്‍ഡ് ഡിസ്‌കിനായി തിരച്ചില്‍ നടത്തിയത്. വൈകീട്ട് ആറുവരെയുണ്ടായ തിരച്ചിലിലും ഒന്നും കണ്ടെത്താനായില്ല. ആദ്യം ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ടീമാണ് പരിശോധന നടത്തിയത്. അവര്‍ക്കും ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് ചൊവ്വാഴ്ച നേവിയുടെ ഉള്‍പ്പെടെ സഹായം തേടിയത്.

വീണ്ടെടുത്താല്‍

കൊച്ചി: കായലില്‍ വലിച്ചെറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയാല്‍ തന്നെ ഇതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. ഹാര്‍ഡ് ഡിസ്‌ക് കായലില്‍ കിടക്കുന്ന സ്ഥിതി അനുസരിച്ചിരിക്കും വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള സാധ്യതയെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്.ഹാര്‍ഡ് ഡിസ്‌കിനകത്ത് വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന കാന്തിക ടേപ്പാണ് ഉള്ളത്. ഇതില്‍ വെള്ളം കയറാതിരുന്നാല്‍ വിവരങ്ങള്‍ എളുപ്പം വീണ്ടെടുക്കാം. നിലവാരം കൂടിയ ഹാര്‍ഡ് ഡിസ്‌കാണെങ്കില്‍ ഇതിന് നല്ല ആവരണമാകും ഉണ്ടാകുക. അകത്തേക്ക് വെള്ളം പോകാതെ ടേപ്പിനെ സംരക്ഷിക്കും. മാഗ്‌നറ്റിക് ടേപ്പിന് കേടുപാട് പറ്റിയാല്‍ ഡേറ്റ വീണ്ടെടുക്കല്‍ വിഷമമാണെന്ന് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നു. കായലിലെ ഉപ്പോ ചെളിയോ ഒന്നുംതന്നെ ദൃശ്യങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകില്ലെന്ന് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ധന്യ മേനോന്‍ പറഞ്ഞു.ഏഴു വര്‍ഷം കഴിഞ്ഞ് വെള്ളത്തില്‍ വീണ ഹാര്‍ഡ് ഡിസ്‌കില്‍നിന്ന് ഡേറ്റ വീണ്ടെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ഏഴു ദിവസത്തിനുള്ളില്‍ കേടായിപ്പോയ അവസ്ഥയുമുണ്ട്. വെള്ളത്തിലേക്കിട്ട സ്ഥിതിയെന്താണ് എന്നത് അനുസരിച്ചു മാത്രമേ അതിന് വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂവെന്ന് ഡോ. ധന്യ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ കസ്റ്റഡിയില്‍

കൊച്ചി: കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാന്‍ കൊണ്ടുപോയ ഇന്നോവ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മൂന്നും നാലും പ്രതികളായ വിഷ്ണുകുമാര്‍, മെല്‍വിന്‍ എന്നിവരാണ് സംഭവ ദിവസം കാര്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. നമ്പര്‍ 18 ഹോട്ടലിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാറാണ് പിടിച്ചെടുത്തത്.

ഡേറ്റ കിട്ടാന്‍ സാധ്യത കുറവ്
കായലില്‍ ഇത്ര ദിവസം കിടന്ന ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് ഡേറ്റ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. ഹാര്‍ഡ് ഡിസ്‌കിലെ പ്രതലത്തില്‍നിന്ന് ഡേറ്റ വായിച്ചെടുക്കുന്നത് റീഡ് ഹെഡ്ഡാണ്. ചെളിയും ഈര്‍പ്പവും പറ്റിപ്പിടിച്ച പ്രതലഭാഗം റീഡ് ഹെഡ്ഡില്‍ തട്ടി നീങ്ങാത്ത പ്രശ്‌നവും ഉണ്ടാകാം. ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ ഡേറ്റ വീണ്ടെടുക്കാം.

-ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍,