പാലക്കാട്: തച്ചമ്പാറയില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോള്‍ പമ്പിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായാണ് പോലീസിന്റെ നിഗമനം.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികില്‍ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നഗ്നമായനിലയില്‍ കമിഴ്ന്നാണ് മൃതദേഹം കിടന്നിരുന്നത്. കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകള്‍ മുറിച്ചെടുക്കാന്‍ ശ്രമിച്ചതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
സ്ഥലത്തെത്തി പരിശോധന നടത്തിയ കല്ലടിക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട്, തച്ചമ്പാറ ഭാഗങ്ങളില്‍നിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാല്‍ മറ്റെവിടെയോവെച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം തച്ചമ്പാറയില്‍ ഉപേക്ഷിച്ചതാകുമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: dead body found in national highway thachampara palakkad