കുമ്പളങ്ങി: കുമ്പളങ്ങിയില്‍ പഴങ്ങാട് കുളക്കടവ് പ്രദേശത്ത് ചതുപ്പില്‍ കുഴിച്ചിട്ടനിലയില്‍ മൃതദേഹം കണ്ടെത്തി. കുമ്പളങ്ങിയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ യുവാവിന്റേതാണ് മൃതദേഹം എന്ന് സംശയിക്കുന്നു. മൃതശരീരം അഴുകി അസ്ഥികൂടം മാത്രമാണ് ശേഷിക്കുന്നത്.

കുമ്പളങ്ങി പഴങ്ങാട്ട് വീട്ടില്‍ ലാസര്‍ (39) എന്നയാളെ ജൂലായ് ഒമ്പതു മുതല്‍ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന പാന്റാണ് മൃതദേഹത്തില്‍ കണ്ടത്.

ജഡം ലാസറിന്റേതാണെന്ന് മൃതദേഹ പരിശോധന കഴിയാതെ സ്ഥിരീകരിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. ചതുപ്പില്‍ കുഴിച്ചിട്ട ശരീരത്തിന്റെ പാതിഭാഗം പുറത്തു കിടന്നിരുന്നു.കുഴിച്ചിട്ട മൃതദേഹം വെള്ളം കയറിയപ്പോള്‍ പുറത്തേക്ക് വന്നതാണെന്ന് കരുതുന്നു.

ലാസറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. എന്നാല്‍, ലാസറിനെ കാണാതായ ശേഷം ഇയാളുടെ പഴയ സുഹൃത്തുക്കളായ രണ്ടുപേരെയും കാണാതായിട്ടുണ്ട്. ഇവര്‍ പല കേസുകളിലും പ്രതികളാണ്. ഇവരെ കേന്ദ്രികരിച്ചാണ് അന്വേഷണം.

ലാസറിന്റെ മറ്റൊരു സുഹൃത്തിനെ കുറച്ചുദിവസം മുമ്പ് കുമ്പളങ്ങിക്കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ദുരൂഹ സാഹചര്യത്തിലായിരുന്നു ആ മരണം. അതിനു ശേഷമാണ് ലാസറിനെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.