തിരുവനന്തപുരം: വിതുരയിൽ വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. താജുദ്ധീൻ എന്നയാളുടെ വീട്ടിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. താജുദ്ധീന്റെ സുഹൃത്തായ മീനാങ്കൽ സ്വദേശി മാധവന്റേതാണ്(ചെങ്കള മാധവൻ-46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയ ശേഷം താജുദ്ധീൻ ഒളിവിൽപോയിരിക്കുകയാണെന്നും വിതുര പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

വാറ്റ് കേസുകളിലടക്കം പ്രതിയായ താജുദ്ധീന്റെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. വീട്ടിനുള്ളിൽ വാറ്റ് നടക്കുകയാണെന്ന് കരുതിയാണ് ഇവർ പോലീസിന് വിവരം നൽകിയത്. പോലീസെത്തി വീട് പരിശോധിച്ചപ്പോൾ ചാണകം മെഴുകിയ തറ പൊളിച്ച് കുഴിയെടുത്തതായി കാണുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്പ് കൊലപാതകം നടന്നതായാണ് പോലീസിന്റെ നിഗമനം. സമീപത്തെ മുറിയിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മാധവനെ നാല് ദിവസം മുമ്പ് വീട്ടിൽനിന്ന് കാണാതായിരുന്നു. ഇടയ്ക്കിടെ വീട്ടിൽനിന്ന് പോകുന്നത് പതിവായതിനാൽ മാധവന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും വിതുര പോലീസ് അറിയിച്ചു.

Content Highlights:dead body buried at home in vithura thiruvananthapuram