
കല്പറ്റ: പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഒ.എം. ജോര്‍ജിന്റെ പേരില്‍ പോക്‌സോ ചുമത്തി. മുന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിയും സുല്‍ത്താന്‍ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇയാള്‍ ഒളിവിലാണ്.
പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് ജോര്‍ജിന്റെ പേരില്‍ കേസെടുത്തത്. ജോര്‍ജിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി കെ.പി.സി.സി. അറിയിച്ചു.
കുറ്റക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കാരനാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഒഴിവുദിവസങ്ങളില്‍ പെണ്‍കുട്ടിയും എത്താറുണ്ട്. മാതാപിതാക്കള്‍ കൂടെയില്ലാത്ത സമയത്ത് ഒ.എം. ജോര്‍ജ് ബലാത്സംഗം ചെയ്തതായാണ് പരാതി. ഒന്നരവര്‍ഷത്തോളം ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. ഇതിനിടെ, പെണ്‍കുട്ടിയുടെ പഠനം മുടങ്ങി. ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയുടെ ഫോണില്‍ ജോര്‍ജിന്‍ സംഭാഷണം കേട്ട മാതാപിതാക്കളും വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി കൈഞെരമ്പ്മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പ്രതിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം ബലാത്സംഗമടക്കം കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിക്കാണ് അന്വേഷണച്ചുമതല.
Content HIghlights: dcc member arrested under pocso