ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റഫാല്‍ ഇടപാട് സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ദസ്സോ കമ്പനിയില്‍ നടന്ന ഓഡിറ്റില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സൈസ് ആന്റികറപ്ഷന്‍(എഎഫ്എ) കമ്പനിയില്‍ നടത്തിയ ഓഡിറ്റിലാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

2016-ല്‍ റഫാല്‍ കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഫാല്‍ വിമാനങ്ങളുടെ 50 പകര്‍പ്പുകള്‍ നിര്‍മിക്കാനാണ് ഈ പണം ചെലവഴിച്ചതെന്നാണ് ദസ്സോയുടെ വിശദീകരണമെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളോ മറ്റോ ദസ്സോയ്ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 

2017-ലെ അക്കൗണ്ടില്‍ 'ഇടപാടുകാര്‍ക്കുള്ള സമ്മാന'മായി ഏകദേശം 5,08,925 യൂറോ കമ്പനി ചെലവഴിച്ചു. ഈ പണം റഫാല്‍ വിമാനങ്ങളുടെ പകര്‍പ്പ് നിര്‍മിച്ചതിന് ചെലവഴിച്ചെന്നാണ് കമ്പനിയുടെ വിശദീകരണം. പക്ഷേ, ഇതിന്റെ തെളിവുകളും ദസ്സോയ്ക്ക് ഹാജരാക്കാനായില്ല. 

ഇന്ത്യന്‍ കമ്പനിയായ ഡെഫ്‌സിസ് സൊലൂഷന്‍സിന് പണം നല്‍കിയത് സംബന്ധിച്ചും വന്‍ക്രമക്കേടുകളാണ് എ.എഫ്.എ. ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയര്‍ന്ന തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇത്തരം ചെലവുകള്‍ 'ഇടപാടുകാര്‍ക്കുള്ള സമ്മാന'മെന്ന രീതിയില്‍ അക്കൗണ്ടുകളില്‍ വിശദീകരിച്ചതിനെക്കുറിച്ചും ദസ്സോയ്ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്‌സിസ് സൊലൂഷന്‍സ്. നേരത്തെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേന്‍ ഗുപ്ത. 

അതേസമയം, ദസ്സോയിലെ ഓഡിറ്റില്‍ കണ്ടെത്തിയ ക്രമക്കേടുകളെ സംബന്ധിച്ച് എ.എഫ്.എ. ഫ്രഞ്ച് പ്രോസിക്യൂഷന്‍ അധികൃതരെ വിവരമറിയിച്ചിട്ടില്ലെന്നും മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ കരാറിനെ സംബന്ധിച്ചുള്ള അന്വേഷണാത്മക പരമ്പരയിലെ ആദ്യഭാഗമാണ് മീഡിയപാര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ രണ്ട് റിപ്പോര്‍ട്ടുകള്‍ വരുംദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ വലിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും മീഡിയപാര്‍ട്ട് റിപ്പോര്‍ട്ടര്‍ ഇന്ത്യ ടുഡെ ടിവിയോട് പറഞ്ഞു.

Content Highlights: Dassault paid 1 million euro as 'gift' to Indian middleman in Rafale deal