ഹൈദരാബാദ്: ഐഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ തെലുങ്ക് ബിഗ് ബോസ് താരവും സിനിമാനിർമാതാവുമായ നുതാൻ നായിഡുവിന്റെ ഭാര്യ അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നായിഡുവിന്റെ ഭാര്യ പ്രിയ മാധുരി അടക്കമുള്ള ഏഴ് പ്രതികൾക്കെതിരേയും വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നായിഡുവിന്റെ വീട്ടിലെ മുൻ ജോലിക്കാരനായിരുന്ന ശ്രീകാന്തിനെ(20)യാണ് പ്രിയ മാധുരിയും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചത്. പ്രിയ മാധുരിയും മറ്റ് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ചേർന്നാണ് ശ്രീകാന്തിനെ ആക്രമിച്ചത്. മർദനത്തിന് ശേഷം ശ്രീകാന്തിന്റെ തല മുണ്ഡനം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

പ്രിയയുടെ ഐഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പ്രതികൾ ശ്രീകാന്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഓഗസ്റ്റ് ഒന്നാം തീയതി വരെ ശ്രീകാന്ത് നായിഡുവിന്റെ വീട്ടിൽ ജോലിചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയയുടെ ഐഫോൺ കാണാതായത്. തുടർന്ന് ശ്രീകാന്താണ് ഫോൺ മോഷ്ടിച്ചതെന്ന് സംശയിച്ച് ഓഗസ്റ്റ് 27-ന് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. താൻ ഫോൺ എടുത്തിട്ടില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു യുവാവിന്റെ മറുപടി. അന്ന് ശ്രീകാന്തിനെ പറഞ്ഞുവിട്ടെങ്കിലും പിറ്റേദിവസം വീണ്ടും വീട്ടിലേക്ക് വിളിപ്പിച്ചു. തുടർന്നാണ് പ്രിയയും സംഘവും മണിക്കൂറുകളോളം യുവാവിനെ തടഞ്ഞുവെച്ച് ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തത്.

വടി കൊണ്ടും കമ്പി കൊണ്ടും യുവാവിനെ തറയിലിരുത്തി ക്രൂരമായി മർദിച്ചു. ഉപദ്രവിക്കരുതെന്ന് കാലിൽവീണ് പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല. മർദനത്തിനൊടുവിൽ ശ്രീകാന്തിന്റെ തല മുണ്ഡനം ചെയ്താണ് പറഞ്ഞുവിട്ടത്. മർദിച്ചവിവരം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ യുവാവ് പോലീസിൽ പരാതി നൽകിയതോടെ സംഭവം പുറംലോകമറിഞ്ഞു.

യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഉടൻതന്നെ തുടർനടപടികളിലേക്ക് നീങ്ങി. സിസിടിവി ദൃശ്യങ്ങളിൽ ഇല്ലാത്തതിനാൽ നുതാൻ നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. അറസ്റ്റ് ചെയ്ത പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും കേസിന്റെ തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും വിശാഖപട്ടണം പോലീസ് കമ്മീഷണർ മനീഷ് കുമാർ സിൻഹ പറഞ്ഞു.

Content Highlights:dalit youth brutally attacked in telugu big boss fame nutan naidus home