ജയ്പുര്‍: യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഘട്ട് ജില്ലയിലെ പ്രേംപുര ഗ്രാമത്തിലാണ് സംഭവം. കേസില്‍ മുഖ്യപ്രതി അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 

പ്രേംപുര സ്വദേശിയായ ജഗദീഷ് മേഗ്വാളിനെ(29)യാണ് ഒരുസംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

പ്രതികളിലൊരാളുടെ ഭാര്യയുമായി ജഗദീഷിന് ബന്ധമുണ്ടായിരുന്നതായും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവദിവസം സൂറത്ത്ഘട്ടിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ ജഗദീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. വടി കൊണ്ടും മറ്റും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദനമേറ്റ് മരിച്ച ജഗദീഷിനെ പ്രതികള്‍ വീടിന് പുറത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

സംഭവത്തില്‍ യുവതി ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് ജഗദീഷിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവാണ് കേസിലെ മുഖ്യപ്രതി. ഇയാളെ ശനിയാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കി പ്രതികളെല്ലാം ഇവരുടെ ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു. 

ദളിത് യുവാവിന്റെ കൊലപാതകത്തില്‍ വിവിധ രാഷ്ട്രീയനേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി അശോക് ഗെഹലോത്തിനുമെതിരേ ബി.ജെ.പി. രൂക്ഷവിമര്‍ശനമുന്നയിച്ചു. ദളിത് വിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പറയുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിപൂര്‍ണ പരാജയമാണെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ബി.ജെ.പി. നേതാവ് ബല്‍വീര്‍ ബിഷ്‌ണോയി ആരോപിച്ചു. കോവിഡിന്റെ പേരുപറഞ്ഞ് മുഖ്യമന്ത്രി വീട്ടില്‍തന്നെ ഇരിക്കുകയാണെന്നും ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.എസ്.പി. അധ്യക്ഷ മായാവതിയും കോണ്‍ഗ്രസിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. 

അതേസമയം, രാജസ്ഥാനിലെ സാഹചര്യം ഉത്തര്‍പ്രദേശിലേത് പോലെയല്ലെന്നും ഇവിടെ കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും മന്ത്രി പ്രതാപ്‌സിങ് ഖജാരിയാവാസ് മാധ്യമങ്ങളോട് പറഞ്ഞു. ഹനുമാന്‍ഘട്ടിലെ സംഭവത്തില്‍ പ്രതികളാരും രക്ഷപ്പെടില്ലെന്നും എല്ലാവരെയും പിടികൂടുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: dalit youth beaten to death in rajasthan five accused arrested