ആലത്തൂർ: സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തിയ യുവാവ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കരിമ്പുഴ സ്വദേശി ദീപുകൃഷ്ണ(36)യെയാണ്  ആലത്തൂർ പോലീസ് അറസ്റ്റുചെയ്തത്.

സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെയും വീട്ടമ്മമാരെയും നിരീക്ഷിച്ച ശേഷമാണ് ഇയാൾ അവരെ ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു.

ആലത്തൂരിലെ യുവാവിനെയാണ് ദീപു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. ഇന്റർനെറ്റിൽ ആശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതായി സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നുപറഞ്ഞ് വെള്ളിയാഴ്ച ഇയാൾ യുവാവിനെ സമീപിച്ചു. 20,000 രൂപ നൽകിയാൽ പുറത്താരുമറിയാതെ കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനംചെയ്തു. സംശയം തോന്നിയതിനാൽ, ഇപ്പോൾ പണം കൈയിലില്ലെന്നും ശനിയാഴ്ച നൽകാമെന്നും പറഞ്ഞ് മടക്കി.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് പണം വാങ്ങാൻ എത്തിയപ്പോൾ യുവാവും ബന്ധുക്കളും സമീപവാസികളുംചേർന്ന് ദീപുകൃഷ്ണയെ തടഞ്ഞ് ചോദ്യം ചെയ്തു. തട്ടിപ്പ് പൊളിഞ്ഞെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന്, സി.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പോലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തട്ടിപ്പിനിരയാകുന്നത് യുവാക്കളും വീട്ടമ്മമാരും

സൈബർ സെൽ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദീപുകൃഷ്ണ തട്ടിപ്പിനിരയാക്കിയത് യുവാക്കളെയും വീട്ടമ്മമാരെയും. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ സമാനമായ എട്ട് കേസ് നിലവിലുണ്ട്. തിരുവനന്തരപുരം നെടുമങ്ങാട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയാണെന്ന് എസ്.ഐ. ജിസ്മോൻ വർഗീസ് പറഞ്ഞു.

ഗൾഫിൽ ജോലി ചെയ്തിരുന്ന ദീപു രണ്ടു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് ബ്ലാക്ക് മെയിലിങ്ങും തട്ടിപ്പും തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ പതിനെട്ടിനും ഇരുപതിനും മധ്യേ പ്രായമുള്ള യുവാക്കളെ കണ്ടെത്തും.

ഭർത്താക്കന്മാർ വിദേശത്ത് ജോലിചെയ്യുന്നതോ സ്ഥലത്തില്ലാത്തതോ ആയ വീട്ടമ്മമാരെയും ഇങ്ങനെ കണ്ടെത്തും. ഇവരുടെ വീട് തേടിപ്പിടിച്ചെത്തി യുവാക്കളോട് ഇന്റർനെറ്റിൽ അശ്ലീല വീഡിയോ കാണുന്നത് പോലീസ് കണ്ടെത്തിയെന്നു പറഞ്ഞാണ് ഭീഷണി. വീട്ടമ്മമാരോട് അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേന അശ്ളീല ഫോട്ടോ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് തെറ്റിദ്ധരിപ്പിക്കുക.

കേസെടുക്കാതിരിക്കാനും പുറത്തറിയാതിരിക്കാനും എസ്.പി. മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്നു പറഞ്ഞാണ് പണം ആവശ്യപ്പെടുക. നിരവധി പേരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറച്ചു പേർ മാത്രമാണ് കുടുങ്ങിയത്. സമാന തട്ടിപ്പുകൾ ഇനിയും കൂടുതൽ നടത്തിയിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.

Content Highlights: cyber police fraud accused arrested in alathur palakkad