കാസര്‍കോട്:  കാസര്‍കോട്ട് കാറില്‍ കടത്തുകയായിരുന്ന നാല് കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് സംഘം പിടികൂടി. പള്ളിക്കര ടോള്‍ ഗേറ്റിന് സമീപത്തുനിന്നാണ് കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക ബെല്‍ഗാം സ്വദേശികളായ തുഷാര്‍(27) ജ്യോതിറാം(23) എന്നിവരെ അറസ്റ്റ് ചെയ്തു. 

കോഴിക്കോട്ട് നിന്ന് ബെല്‍ഗാമിലേക്ക് സ്വര്‍ണം കടത്തുകയായിരുന്നു പ്രതികള്‍. കാറിന്റെ പിന്‍സീറ്റിലെ രഹസ്യഅറയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒന്നേമുക്കാല്‍ കോടി രൂപ വിലവരുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ കാസര്‍കോട്ട് നിന്ന് 15.5 കിലോഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിരുന്നു. 

Content Highlights: customs seized gold from kasargod two arrested