കൊച്ചി:  ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുമായി ബന്ധമുള്ള രണ്ടു പേരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. 

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡിന്റെ ഉടമയും സ്പീക്കറുടെ സുഹൃത്തുമായ പൊന്നാനി സ്വദേശി നാസര്‍, മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് സംഘം ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതായും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് നാസര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 

നാസറിന്റെ പേരിലുള്ള സിം കാര്‍ഡാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരേ ആരോപണങ്ങളുയര്‍ന്നതോടെ ഈ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായി. ഈ സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. 

മസ്‌കറ്റില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളാണ് ലഫീര്‍ മുഹമ്മദ്. ഈ സ്ഥാപനത്തിലെ ഡീന്‍ ആയ കിരണ്‍ തോമസിനെ കഴിഞ്ഞയാഴ്ച്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ അബുദാബിയില്‍ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തില്‍ സ്വപ്‌നയും പങ്കെടുത്തിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനൊപ്പമാണ് 2018-ല്‍ നടന്ന അഭിമുഖത്തിനായി സ്വപ്‌ന എത്തിയത്. സ്വപ്നയെ നിയമിക്കാന്‍ ശിവശങ്കര്‍ ശുപാര്‍ശ ചെയ്തതായും നേരത്തെ വ്യക്തമായിരുന്നു. 

Content Highlights: customs interrogating two ponnani natives who related with speaker p sreeramakrishnan