തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് തിരുവനന്തപുരം സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കസ്റ്റംസ് കുറ്റപത്രം. ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇതിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രത്തില്‍ 29-ാം പ്രതിയായാണ് ശിവശങ്കറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത് റമീസും സന്ദീപുമാണെന്ന് കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കോഴിക്കോടും മലപ്പുറത്തുമുള്ളവരാണ് ഇതിനായി പണം മുടക്കിയിരുന്നത്. 2019 ജൂണിലാണ് ഇത്തരത്തില്‍ പ്രതികള്‍ ആദ്യമായി സ്വര്‍ണക്കടത്ത് നടത്തിയത്. ഇക്കാര്യം ശിവശങ്കറിന് അറിവുണ്ടായിരുന്നില്ല. പിന്നീട് 21 തവണയായി 161 കിലോ സ്വര്‍ണമാണ് പ്രതികള്‍ കടത്തിയത്. ഈ സമയങ്ങളിലാണ് ശിവശങ്കർ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. കടത്തിക്കൊണ്ടുവന്നിരുന്ന സ്വര്‍ണം ഉരുപ്പടികളാക്കി വിവിധ ജൂവലറികള്‍ക്ക് നല്‍കിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മലപ്പുറത്തെയും കോഴിക്കോട്ടെയും നിക്ഷേപകരെയും കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 

മംഗലാപുരത്തെയും ഹൈദരാബാദിലെയും ജൂവലറികള്‍ക്കാണ് സ്വര്‍ണം കൈമാറിയത്. ജൂവലറികളുടെ ഉടമകളടക്കമുള്ളവരെ കസ്റ്റംസ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. പക്ഷെ അവരെ ഇപ്പോള്‍ ഈ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. അവര്‍ക്ക് നല്‍കിയിട്ടുള്ള ഷോകോസ് നോട്ടീസിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയിലേക്ക് കസ്റ്റംസ് കടക്കുക. 29 പേര്‍ക്കെതിരെയാണ് കസ്റ്റംസ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്കൊരുങ്ങുന്നത്.

Content Highlights: Customs files chargesheet on Trivandrum gold smuggling case; sivasankar knew about the smuggling says customs