അഹമ്മദാബാദ്: നെറ്റ് ബാങ്കിങ് സേവനം ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് ഉപഭോക്താവ് ബാങ്കിലെ കമ്പ്യൂട്ടറിന്റെ സിപിയുവുമായി കടന്നു. അഹമ്മദാബാദിലെ ജൂവലറി വ്യാപാരിയായ സുജയ് ഷായാണ് ബാങ്കില്‍നിന്ന് സിപിയു എടുത്തുകൊണ്ടുപോയത്. പിന്നീട് ബാങ്ക് മാനേജര്‍ പോലീസില്‍ പരാതിപ്പെട്ടതോടെ ഇയാള്‍ തന്നെ സിപിയു തിരികെ എത്തിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ അഹമ്മദാബാദ് മക്ബാറ നഗര്‍ ശാഖയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. 

ബാങ്കിലെത്തിയ സുജയ് ഷാ വന്നപ്പോള്‍തന്നെ ജീവനക്കാരോട് തട്ടിക്കയറുകയും ബഹളംവെയ്ക്കുകയും ചെയ്‌തെന്ന് മാനേജര്‍ വിനീത് ഗുരുദത്ത പറഞ്ഞു.നെറ്റ് ബാങ്കിങ് സേവനത്തിന് അപേക്ഷിച്ചിട്ടും ഇതുവരെ സേവനം ലഭ്യമാക്കിയിട്ടില്ലെന്നായിരുന്നു പരാതി. നെറ്റ് ബാങ്കിങ് സൗകര്യം നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജര്‍ മറുപടി പറഞ്ഞെങ്കിലും ഇയാള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. 

നെറ്റ് ബാങ്കിങ് സേവനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് മാനേജര്‍ ഐടി ജീവനക്കാരുമായി സംസാരിക്കുന്നതിനിടെയാണ് സുജയ് ഷാ സിപിയുവുമായി കടന്നുകളഞ്ഞത്. ഇതുകണ്ട് ജീവനക്കാര്‍ സുജയ് ഷായെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് ബാങ്ക് മാനേജര്‍ റീജണല്‍ മാനേജറെ വിവരമറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. എന്നാല്‍ അന്നേദിവസം തന്നെ സുജയ് ഷാ വീണ്ടും ബാങ്കിലെത്തി സിപിയു തിരികെ നല്‍കി. 

സംഭവത്തില്‍ സുജയ് ഷായെ കസ്റ്റഡിയിലെടുത്തതായും കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അനന്ദ്‌നഗര്‍ പോലീസ് അറിയിച്ചു. 

Content Highlights: customer's allegation about net banking service; he took cpu from bank