സാംഗ്ലി (മഹാരാഷ്ട്ര): മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിനെ പോലീസ് തല്ലിക്കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അടക്കം ആറു പോലീസുകാര്‍ അറസ്റ്റിലായി. കസ്റ്റഡിയില്‍ മരിച്ച സംഭവത്തിന്റെ തെളിവ് നശിപ്പിക്കാനാണ് പോലീസുകാര്‍ യുവാവിന്റെ മൃതദേഹം കത്തിച്ചുകളഞ്ഞത്. 

POLICEമോഷണക്കേസില്‍ അനികേത് കൊതാലെ, അമോല്‍ ഭണ്ഡാരെ എന്നിവരെ നവംബര്‍ ആറിനാണ് സാംഗ്ലി സിറ്റി പോലീസ് പിടികൂടുന്നത്. കൊതാലെ പോലീസ് സ്റ്റേഷനിലെ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് അയാളുടെ സഹോദരന്‍ ആഷിഷ് കൊതാലെയും ബന്ധുക്കളും പോലീസിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റഡിയില്‍ വെച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇയാള്‍ മരിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം.

എന്നാല്‍ അന്വേഷണത്തില്‍ കൊതാലെ മരിക്കുന്നത് പോലീസ് സബ് ഇന്‍സ്പെക്ടര്‍ യുവരാജ് കാംതെയുടേയും മറ്റു പോലീസുകാരുടെയും മര്‍ദനത്തിലാണെന്ന് കൊലാപൂര്‍ റേഞ്ച് ഐജി വിശ്വാസ് നഗ്രെ പാട്ടീല്‍ വെളിപ്പെടുത്തി. കേസ് സി.ഐ.ഡി.യ്ക്ക് കൈമാറിയിരിക്കയാണ്.